Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാത്തത് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് പുടിന്‍

മോസ്‌കോ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാത്തത് ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. സൗദിയിലെ സല്‍മാന്‍ രാജാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തീവ്രവാദത്തെ നേരിടാന്‍ കൂട്ടായ പരിശ്രമം വേണമെന്നും പശ്ചിമേഷ്യയുടെ സ്ഥിരത നിലനിര്‍ത്താന്‍ ഖത്തര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും പുടിന്‍ കുറ്റപ്പെടുത്തി.

ഖത്തറുമായും മറ്റു രാജ്യങ്ങളുമായും പുലര്‍ത്തുന്ന ബന്ധങ്ങളും ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. നിലവില്‍ ഖത്തറുമായി തുടരുന്ന പ്രശ്‌നങ്ങള്‍ പ്രദേശത്തെ സുസ്ഥിരതയെ ബാധിക്കുമെന്നും ഇതുകൊണ്ട് തീവ്രവാദത്തിനെതിരെ സംയുക്തമായി പോരാടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതോടെയാണ് ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി ആരംഭിക്കുന്നത്. സൗദി,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് വ്യോമ-കടല്‍-കര-നയതന്ത്ര മേഖലകളില്‍ ഉപരോധമാരംഭിച്ചത്.

സിറിയയിലെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സൈനിക സഹകരണത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ സല്‍മാന്‍ രാജാവ് മോസ്‌കോ സന്ദര്‍ശിച്ചതിനു ശേഷം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ശതകോടിക്കണക്കിനു ഡോളറിന്റെ സാമ്പത്തിക,സൈനിക കരാറുകളിലും അന്ന് ഒപ്പുവച്ചിരുന്നു.

 

Related Articles