Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സ് സംബന്ധിച്ച ട്രംപിന്റെ പ്രസ്താവന ഫലസ്തീനികള്‍ അംഗീകരിക്കില്ല

റാമല്ല: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ ഇരു സ്ഥാനാര്‍ഥികളും നടത്തിയ പ്രസ്താവനകള്‍ തള്ളിക്കളയുന്നതായി ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന സാഇബ് അരീഖാത് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിന്റെ വൃത്തത്തിന് പുറത്തുള്ള കാര്യമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ വിജയിച്ചാല്‍ ഇസ്രയേലിലെ അമേരിക്കന്‍ എംബസി ഖുദ്‌സിലേക്ക് മാറ്റുമെന്നും നഗരത്തെ ഇസ്രയേലിന്റെ ഏകീകൃത തലസ്ഥാനമായി നിലനിര്‍ത്തുമെന്നുമാണ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം ഇസ്രയേലിന് മേല്‍ ഒരു പരിഹാരവും അടിച്ചേല്‍പ്പിക്കില്ല എന്നതാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വാഗ്ദാനം.
ഖുദ്‌സ് അടക്കമുള്ള വിഷയമങ്ങളില്‍ ദീര്‍ഘകാലം അമേരിക്ക കാത്തുസൂക്ഷിച്ച വിദേശകാര്യ നയത്തെയും അന്താരാഷ്ട്ര നിയമത്തെയും ട്രംപ് മാനിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് അരീഖാത് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെയും അന്താരാഷ്ട്ര നിയമത്തെയും ഐക്യരാഷ്ട്രസഭ പ്രമേയങ്ങളെയും അദ്ദേഹം പൂര്‍ണമായി കൈവിട്ടിരിക്കുകയാണെന്നാണ് ട്രംപിന്റെ ഉപദേഷ്ടാവ് മുമ്പ് നടത്തിയ പ്രസ്താവന വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കന്‍ തെരെഞ്ഞെടുപ്പിലെ ഇരു സ്ഥാനാര്‍ഥികളുടെയും പ്രസ്താവനകള്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഫലസ്തീനികളുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ചെലവില്‍ അമേരിക്കയിലെ ജൂതവോട്ടുകള്‍ നേടുകയാണ് ഇരു സ്ഥാനാര്‍ഥികളും ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവന പറഞ്ഞു.

Related Articles