Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സ് തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ ഇസ്രയേല്‍ നിയമം കൊണ്ടുവരുന്നു

തെല്‍അവീവ്: കിഴക്കന്‍ ഖുദ്‌സിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ച്ചകള്‍ക്ക് തടയിടുന്ന ‘അവിഭക്ത ഖുദ്‌സ്’ എന്ന അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിയമത്തിന് ഇസ്രയേല്‍ മന്ത്രിസഭയിലെ നിയമനിര്‍മാണ സമിതി അംഗീകാരം നല്‍കി. നിയമ പ്രകാരം ഖുദ്‌സ് വിഭജിക്കുന്നത് സംബന്ധിച്ച അനുരഞ്ജന ചര്‍ച്ചകളും കിഴക്കന്‍ ഖുദ്‌സില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതും ഇസ്രേയല്‍ നെസറ്റിലെ 80 അംഗങ്ങളുടെ അംഗീകാരത്തോടെ മാത്രമേ നടക്കുകയുള്ളൂ. ആകെ 120 അംഗങ്ങളാണ് നെസറ്റില്‍ ഉണ്ടാവുക. ജൂയിഷ് ഹോം പാര്‍ട്ടി മന്ത്രിമാരായ നെഫ്താലി ബെന്നറ്റും ഷൂലി മുഅലിമുമാണ് നിയമം സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്.
2000ല്‍ മസ്ജിദുല്‍ അഖ്‌സയും ഖുദ്‌സിലെ പൗരാണിക നഗരത്തിന്റെ നാലില്‍ മൂന്ന് ഭാഗങ്ങളും മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന് കൈമാറാന്‍ പ്രധാനമന്ത്രിയായിരുന്ന ഏഹൂദ് ബാറാക് താല്‍പര്യപ്പെട്ടത് പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഈ നിയമത്തിലൂടെ സാധിക്കുമെന്ന് നിയമത്തിന് സമിതിയുടെ അംഗീകാരം ലഭിച്ച ശേഷം ബെന്നറ്റ് പറഞ്ഞു.
ഫലസ്തീന്‍ മണ്ണില്‍ ഇസ്രയേല്‍ സ്വീകരിക്കുന്ന ഏത് നടപടിയും അല്ലെങ്കില്‍ നിയമമെന്ന പേരില്‍ അവര്‍ കൊണ്ടു വരുന്ന കാര്യങ്ങളും നിയമസാധുതയില്ലാത്തതാണെന്ന് ഫലസ്തീന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് യൂസുഫ് മഹ്മൂദ് പ്രതികരിച്ചു. പക്ഷപാതപരവും അന്യായവുമായി അധിനിവേശ നടപടികളുടെ കൂട്ടത്തിലാണ് ഇതിനെ കാണുന്നത്. ചില ഇസ്രയേല്‍ നേതാക്കള്‍ പറയുന്ന ഖുദ്‌സിന് മേലുള്ള ‘ഇസ്രയേല്‍ പരമാധികാരം’ ബലപ്രയോഗത്തിലൂടെ നിലനില്‍ക്കുന്ന അധിനിവേശത്തിനപ്പുറം മറ്റൊന്നുമല്ല. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ അടിസ്ഥാന രഹിതവും അംഗീകരിക്കാനാവാത്തതുമാണ് ഈ നടപടികള്‍ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഈ നിയമം അമേരിക്കന്‍ ഭരണകൂടവും പ്രസിഡന്റ് ട്രംപുമായുള്ള ഇസ്രയേലിന്റെ ബന്ധത്തില്‍ അസ്വാരസ്യതകള്‍ ഉണ്ടാക്കുമെന്നാണ് ഇസ്രയേല്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇസ്രയേലിനും ഫലസ്തീന്‍ അതോറിറ്റിക്കുമിടയിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ സജീവമാക്കാന്‍ ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുള്ളതാണ്. ഇസ്രയേല്‍ നെസറ്റിന്റെ പൊതുസഭയില്‍ ഒന്നും, രണ്ടും, മൂന്നും വായനകള്‍ക്ക് ശേഷം അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.

Related Articles