Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ തുരങ്കങ്ങള്‍ അപകടത്തിലാക്കിയ വീടുകള്‍ ഇസ്രയേല്‍ ഒഴിപ്പിക്കുന്നു

ഖുദ്‌സ്: ഇസ്രയേലിന്റെ തുരങ്കങ്ങള്‍ കാരണം വിള്ളലുകള്‍ വീണ് അപകടാവസ്ഥയിലായ ഖുദ്‌സിലെ വീടുകളില്‍ കഴിയുന്നവര്‍ക്ക് അവ ഒഴിയാന്‍ ഇസ്രയേല്‍ ഭരണകൂടം ഉത്തരവ് നല്‍കി. വിള്ളലുകളുടെ ആധിക്യം കാരണം വീടുകള്‍ തകരുമെന്ന കാരണം കാണിച്ചാണ് ഒഴിയാനുള്ള ഉത്തരവ്. മസ്ജിദുല്‍ അഖ്‌സയുടെ തെക്കുവശത്തുള്ള സല്‍വാന്‍ ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങള്‍ക്കാണ് ഒഴിയാനുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്. കുടിയേറ്റ സംഘങ്ങള്‍ വര്‍ഷങ്ങളായി ഗ്രാമത്തിനടിയിലൂടെ നടത്തുന്ന തുരങ്കത്തിന്റെ പ്രവര്‍ത്തനങ്ങളാണ് വീടുകളെ അപകടാവസ്ഥയിലാക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മസ്ജിദുല്‍ അഖ്‌സയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ബുറാഖ് മതിലിന് (Western Wall) സമീപമെത്തുന്ന തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായിട്ടാണിത്.
ഹോളി ബേസിന്‍ പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങളായി ഫലസ്തീനികളുടെ കെട്ടിടങ്ങള്‍ കൈവശപ്പെടുത്തുകയും ജൂതവല്‍കരണ, കുടിയേറ്റ പദ്ധതികള്‍ കൊണ്ട് പ്രദേശം ഉപരോധിക്കുകയും ചെയ്യുന്നത് കുടിയേറ്റക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വിശുദ്ധ മസ്ജിദുല്‍ അഖ്‌സക്ക് താഴെയും ചുറ്റുവട്ടത്തുമായി ഇസ്രയേല്‍ നിര്‍മിക്കുന്ന തുരങ്കങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ യുനെസ്‌കോ അടക്കമുള്ള അന്താരാഷ്ട്ര വേദികള്‍ക്ക് അനുമതി നല്‍കണമെന്ന് കഴിഞ്ഞ മാസം ആദ്യത്തില്‍ ഒ.ഐ.സിയിലെ ഫലസ്തീന്‍ പ്രതിനിധി അഹ്മദ് റുവൈള്വി ആവശ്യപ്പെട്ടിരുന്നു. ഖുദ്‌സിലെ ഫലസ്തീനികളുടെ വീടുകള്‍ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണുള്ളതെന്നും ഇത്തരത്തില്‍ അപകടത്തിലായി ഇരുപതിനായിരത്തോളം വീടുകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles