Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിലെ ഏറ്റവും ഉയരമുള്ള മിനാരം ഉദ്ഘാടനം ചെയ്തു

ഖുദ്‌സ്: അധിനിവിഷ്ട ഖുദ്‌സിലെ കിഴക്കന്‍ നഗരമായ ഈസാവിയ്യയില്‍ 73 മീറ്റര്‍ ഉയരമുള്ള മിനാരം ഉദ്ഘാടം ചെയ്തു. ഖുദ്‌സ് നഗരത്തിലെ ഏറ്റവും ഉയരമുള്ള മിനാരമാണിത്. 1948 പ്രദേശത്തെ സഹോദരങ്ങളുടെ സാങ്കേതിക സഹായത്തോടെയും ഈസാവിയ്യ നിവാസികളുടെ സഹകരണത്തോടെയുമാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് മസ്ജിദുല്‍ അഖ്‌സ ഖതീബ് ഇക്‌രിമ സ്വബ്‌രി ഉദ്ഘാടന വേളയില്‍ പറഞ്ഞു. കൂറ്റന്‍ ക്രെയിനുപയോഗിച്ച് സ്വര്‍ണവര്‍ണമുള്ള മിനാരം മസ്ജിദിന് മുകളില്‍ സ്ഥാപിക്കുന്നത് കാണുന്നതിന് നൂറുകണക്കിനാളുകല്‍ തടിച്ചുകൂടിയിരുന്നു. മികച്ച സ്പീക്കറുകളും അത്യാധുനിക ലൈറ്റിംഗ് സംവിധാനവും ഉള്‍ക്കൊള്ളുന്ന മിനാരം മാസങ്ങളെടുത്താണ് നിര്‍മിച്ചിരിക്കുന്നത്.
ഖുദ്‌സില്‍ ബാങ്കുവിളിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രയേല്‍ നിയമം പാസ്സാക്കികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു മിനാരം സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. രാത്രി പതിനൊന്ന് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയില്‍ ബാങ്കുവിളിക്കാന്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുന്നത് വിലക്കുന്ന ബില്‍ ഇസ്രയേല്‍ നെസറ്റിലെ പ്രഥമ വായനയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടും മൂന്നും വായനകളില്‍ കൂടി അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.
മിനാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്രയേല്‍ ബാങ്കുവിളി നിയന്ത്രണ ബില്‍ കൊണ്ടുവരുന്നതിന് മുമ്പേ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത ബില്ലിനെതിരെയുള്ള പരോക്ഷ മറുപടിയാണ് മിനാരം സ്ഥാപിക്കപ്പെട്ടതെന്ന് ഇക്‌രിമ സബ്‌രി അഭിപ്രായപ്പെട്ടു. ബാങ്കുവിളിയുടെ കാര്യത്തില്‍ ഫലസ്തീനികല്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫലസ്തീനികള്‍ ഈ മതചിഹ്നം മുറുകെ പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles