Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിലെ അല്‍ജസീറ ലേഖകന്റെ അംഗീകാരം ഇസ്രയേല്‍ റദ്ദാക്കി

ഖുദ്‌സ്: അല്‍ജസീറ ചാനല്‍ റിപോര്‍ട്ടര്‍ ഇല്‍യാസ് കറാമിന്റെ പത്രപ്രവര്‍ത്തനത്തിനുള്ള അനുമതി റദ്ദാക്കിയതായി ഇസ്രയേല്‍ സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് മാധ്യമ പ്രവര്‍ത്തനം എന്ന് അദ്ദേഹം പ്രസ്താവിച്ചതിന്റെ പേരിലാണ് നടപടിയെന്നും റിപോര്‍ട്ട് വിശദമാക്കി. ഇസ്രയേലിനെതിരെ വിദ്വേഷം വളര്‍ത്തുന്നു എന്നാരോപിച്ച് ഖുദ്‌സിലെ അല്‍ജസീറ ഓഫീസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി ആഗസ്റ്റ് ആറിന് ഇസ്രയേല്‍ വാര്‍ത്താവിനിമയ മന്ത്രി അയ്യൂബ് കാറ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ചാനലിലെ മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനുള്ള നീക്കങ്ങള്‍ ഇസ്രയേല്‍ നടത്തുന്നുണ്ട്.
അല്‍ജസീറ ചാനല്‍ മസ്ജിദുല്‍ അഖ്‌സയിലെ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ചാനല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടത്. രണ്ടാഴ്ച്ചക്ക് ശേഷം അതിന്നുള്ള നടപടികളും ഇസ്രയേല്‍ ആരംഭിച്ചു. അല്‍ജസീറ റിപോര്‍ട്ടര്‍ ഇല്‍യാസ് കറാമിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കുന്നത് സംബന്ധിച്ച് പ്രാഥമിക തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും അന്തിമ തീരുമാനം അദ്ദേഹത്തെ വിളിച്ചു വരുത്തിയ ശേഷം തിങ്കളാഴ്ച്ചയാണ് ഉണ്ടാവുകയെന്നും ഇസ്രയേല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രസ്താവന വ്യക്തമാക്കി.
2016 മെയ് 26ന് സംപ്രേഷണം ചെയ്ത് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഇല്‍യാസ് കറാം നടത്തിയ പ്രസ്താവനയുടെ വീഡിയോയും ഇസ്രയേല്‍ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ”ഏറ്റുമുട്ടലുകള്‍ നടക്കുന്ന അധിനിവിഷ്ട പ്രദേശങ്ങളിലെ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഗുണമാണ് അവര്‍ ധീരരും അധിനിവേശത്തെ ചെറുക്കുന്നവരുമായിരിക്കണം” എന്നാണ് അതില്‍ അദ്ദേഹം പറയുന്നത്. ”അധിനിവിഷ്ട പ്രദേശത്തെ മാധ്യമ പ്രവര്‍ത്തനം പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും അധ്യാപന ജോലിയുടെയും അവിഭാജ്യ ഘടകമാണ്. പേനയും ശബ്ദവും ക്യാമറയും ഉപയോഗിച്ചു കൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് മാധ്യമ പ്രവര്‍ത്തകന്‍ നിര്‍വഹിക്കുന്നത്.” എന്നും അതില്‍ അദ്ദേഹം പറഞ്ഞിരുന്നു.

Related Articles