Current Date

Search
Close this search box.
Search
Close this search box.

ഖാംനഈയുടെ ആരോപണങ്ങള്‍ക്കെതിരെ ജി.സി.സി രാഷ്ട്രങ്ങളും

റിയാദ്: ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ സൗദിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഖാംനഈയുടെ പ്രസ്താവന അതിന് പിന്നിലെ ഉദ്ദേശ്യങ്ങളെ വെളിപ്പെടുത്തുന്നതാണെന്നും ഇസ്‌ലാമിലെ മഹത്തായ അനുഷ്ഠാനത്ത രാഷ്ട്രീയവല്‍കരിക്കാനുള്ള ശ്രമമായിട്ടാണ് ഗള്‍ഫ് നാടുകള്‍ കാണുന്നതെന്നും ജി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ലതീഫ് സയാനി പറഞ്ഞു. സൗദിക്കും ഗള്‍ഫ് നാടുകള്‍ക്കും എതിരെ നിരന്തരം ഇറാന്‍ നേതാക്കളുടെ ഭാഗത്തും നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളെയും മാധ്യമ പ്രചാരണങ്ങളെയും ജി.സി.സി രാഷ്ട്രങ്ങള്‍ തള്ളിക്കളയുന്നതായും പ്രസ്താവന വ്യക്തമാക്കി. ഇണക്കത്തിനും സ്‌നേഹത്തിനും സാഹോദര്യത്തിനും ആഹ്വാനം ചെയ്യുന്ന ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ക്കും അടിസ്ഥാനങ്ങള്‍ക്കും നിരക്കാത്ത ആരോപണങ്ങളും പ്രചാരണങ്ങളും അക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ വര്‍ഷം ഇറാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ഖാംനഈയുടെ പ്രസ്താവന ആരോപിച്ചത്. ഹജ്ജിന്റെ നടത്തിപ്പും അത് സൗദി ഭരണകൂടത്തില്‍ പരിമിതപ്പെടുത്തുന്നതിനെയും കുറിച്ച് ഇസ്‌ലാമിക ലോകം ഗൗരവത്തില്‍ ആലോചിക്കണമെന്നും അദ്ദേഹത്തിന്റെ പ്രസ്താവന ആവശ്യപ്പെട്ടു.
ഹജ്ജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തതും ഹാജിമാരുടെ സുരക്ഷക്ക് കോട്ടംതട്ടിക്കുന്നതുമായ ആവശ്യങ്ങളാണ് ഇറാന്‍ പ്രതിനിധി സംഘം ഈ വര്‍ഷം ആവശ്യപ്പെട്ടിരുന്നതെന്ന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി. ഇറാന്‍ തന്നെയാണ് അവിടെ നിന്നുള്ള ഹാജിമാരെ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. യമനില്‍ നിന്നും വരുന്ന തീര്‍ഥാടകര്‍ക്ക് മുന്നില്‍ ഹൂഥികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഹജ്ജിന്റെ സുരക്ഷക്ക് കോട്ടം വരുത്തുന്ന പ്രവര്‍ത്തനം നടത്താന്‍ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles