Current Date

Search
Close this search box.
Search
Close this search box.

ഖത്തറില്‍ തുര്‍ക്കി സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നു

ദോഹ: തുര്‍ക്കി സായുധ സേനാ സംഘങ്ങള്‍ ഖത്തറില്‍ എത്തുന്നത് തുടരുന്നതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ 18 നായിരുന്നു തുര്‍ക്കി സൈനികരുടെ ആദ്യ സംഘം ഖത്തറില്‍ എത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൈനിക സഹകരണത്തിന്റെ ഭാഗമായി അല്‍ഉദൈദ് വ്യോമതാവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ സൈനികര്‍ എത്തുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. ഖത്തറും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ സൈനിക സഹകരണ ഉടമ്പടിയുടെ ഭാഗമായിട്ടാണിത്.
ഭീകരതക്കും തീവ്രവാദത്തിനുമെതിരെയുള്ള പോരാട്ടത്തിലും പ്രദേശത്തിന്റെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിലും സഹകരണം ഉറപ്പാക്കുന്നതാണ് പ്രതിരോധ രംഗത്തെ ഈ സഹകരണം. ജൂണ്‍ 18ന് എത്തിയ തുര്‍ക്കി സൈനികര്‍ അടുത്ത ദിവസം തന്നെ ദോഹയില്‍ തങ്ങളുടെ പരിശീലനം ആരംഭിച്ചിരുന്നു.
2015ന്റെ അവസാനത്തില്‍ തയ്യാറാക്കുകയും പിന്നീട് 2016 നവംബറില്‍ ഭേദഗതി വരുത്തുകയും ചെയ്ത ഖത്തറുമായുണ്ടാക്കിയ സൈനിക സഹകരണ കരാര്‍ ജൂണ്‍ 8നാണ് തുര്‍ക്കി പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചത്. ഖത്തറില്‍ തുര്‍ക്കിക്ക് സൈനിക താവളം സ്ഥാപിക്കാനും ഇരുരാജ്യങ്ങളുടെയും പരസ്പര ധാരണ പ്രകാരം സൈനികരെ വ്യന്യസിക്കാനും അനുമതി നല്‍കുന്നതാണ് കരാര്‍.

Related Articles