Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന് മേലുള്ള ഉപരോധത്തെ ന്യായീകരിക്കാന്‍ പണ്ഡിതന്‍മാരും

ദോഹ: ഖത്തറിന് മേല്‍ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം സോഷ്യല്‍ മീഡിയയിലും സജീവ വിഷയമായിരിക്കുകയാണ്. എന്നാല്‍ ഉപരോധത്തെ ന്യായീകരിച്ചു കൊണ്ടുള്ള പണ്ഡിതന്‍മാരുടെയും പ്രബോധകരുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടികലര്‍ത്തുന്ന രാഷ്ട്രീയ ഇസ്‌ലാമിനെ ഖത്തര്‍ പിന്തുണക്കുന്നു എന്നാരോപിക്കുന്ന ഭരണകൂടങ്ങളും മാധ്യമങ്ങളും തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ന്യായീകരിക്കാന്‍ മതപ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കൂട്ടുപിടിക്കുന്ന എന്ന വൈരുദ്ധ്യവും ഇതിലുണ്ട്. ഈ വിശുദ്ധ റമദാനില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി ചെയ്യുന്ന സേവനമായിട്ടാണ് പല പണ്ഡിതന്‍മാരും പ്രബോധകരും ഖത്തറിന് മേലുള്ള ഉപരോധത്തെ അവതരിപ്പിക്കുന്നത്. അതില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് സൗദി ഗ്രാന്റ് മുഫ്തിയുടെ നിലപാട്.
‘ഭീകരതക്ക് ഫണ്ടനുവദിക്കുന്നതിന്റെ പേരില്‍ സൗദിയുടെയും മറ്റ് ചില രാഷ്ട്രങ്ങളുടെയും ഖത്തറിനെതിരെയുള്ള തീരുമാനങ്ങള്‍ മുസ്‌ലിംകളുടെയും ഭാവിയില്‍ ഖത്തറുകാരുടെ തന്നെയും നന്മക്ക് വേണ്ടിയുള്ള നടപടികളാണ്.’ എന്ന് ഗ്രാന്റ് മുഫ്ത് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആല്‍ ശൈഖ് പറഞ്ഞതായിട്ടാണ് ലണ്ടന്‍ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ‘അല്‍ഹയാത്ത്’ പത്രം റിപോര്‍ട്ട് ചെയ്യുന്നത്. യുക്തിയുടെയും ഉള്‍ക്കാഴ്ച്ചയുടെയും അടിസ്ഥാനത്തിലുള്ള പ്രസ്തുത തീരുമാനങ്ങളില്‍ എല്ലാവര്‍ക്കും പ്രയോജനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കപ്പെട്ട ഒന്നാണ് ഗ്രാന്റ് മുഫ്തിയുടെ ഈ പ്രസ്താവന. മുഫ്തിയുടെ പ്രസ്താവനയെ റമദാനില്‍ ഉപരോധം ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനയോട് താരതമ്യപ്പെടുത്തിയാണ് ഖത്തറില്‍ നിന്നുള്ള ‘അല്‍അറബ്’ പത്രത്തിന്റെ എഡിറ്റര്‍ അബ്ദുല്ല അല്‍അദ്ബ കൈകാര്യം ചെയ്തിരിക്കുന്നത്. ആരാധനകളുടെ മാസമായ റമദാനിനെ ബന്ധം വിച്ഛേദിക്കലിന്റെയും ദൈവിക ഭവനങ്ങളില്‍ നിന്ന് തടയുന്നതിന്റെയും മാസമാക്കി അവര്‍ മാറ്റിയിരിക്കുന്നു എന്നാണ് ടിറ്റര്‍ ഉപയോക്താവായ ഇബ്‌നുല്‍ ഉന്‍ഖുരി തമീമി പ്രതികരിക്കുന്നത്.

സുദൈസിന്റെ ഫത്‌വ
അപ്രകാരം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് മക്കയിലെ മസ്ജിദുല്‍ ഹറാം ഇമാം അബ്ദുറഹ്മാന്‍ സുദൈസിന്റെ നിലപാട്. വഴിപിഴച്ച സംഘങ്ങളുമായും ഭീകരപട്ടികയിലുള്ള ശക്തികളുമായുള്ള ഇടപഴകലുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ചേര്‍ന്ന് ഭീകരപട്ടിക സംബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തെ താന്‍ പിന്തുണക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നുവെന്ന സൂചനയാണ് അതിലൂടെ അദ്ദേഹം നല്‍കിയിട്ടുള്ളത്. സുദൈസിന്റെ നിലപാടിനോട് പ്രതികരിച്ചു കൊണ്ട് ഡോ. ബാസിം ഗഫാജി കുറിക്കുന്നു: ‘ഐഹിക ലോകം താങ്കളെ അക്രമിയും, ഭയം താങ്കളെ ഖുര്‍ആനോട് വഞ്ചന കാണിച്ചവനായും മാറ്റിയിരിക്കെ എങ്ങനെ ഹറമിന്റെ ഇമാമായി നിലകൊള്ളാന്‍ താങ്കള്‍ക്ക് സാധിക്കുന്നു.’
പ്രധാന സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാറുള്ള പോലെ ഈജിപ്ഷ്യന്‍ പ്രബോധകന്‍ അംറ് ഖാലിദ് ഈ വിഷയത്തിലും തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. ‘ഖത്തര്‍ ഭരണകൂടത്തിന്റെയോ അവരല്ലാത്ത മറ്റേതെങ്കിലും ശക്തികളുടെയോ ഭാഗത്തു നിന്നും എന്റെ നാടായ ഈജിപ്തിനെ നേരെയുള്ള സുരക്ഷാ വെല്ലുവിളികള്‍ക്കെതിരെയുള്ള രാജ്യത്തിന്റെ എല്ലാ തീരുമാനങ്ങളെയും ഞാന്‍ പിന്തുണക്കുന്നു.’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. സൗദി ചാനലായ എം.ബി.സി സംപ്രേഷണം ചെയ്ത തന്റെ പരിപാടിയുടെ പതിനഞ്ചാം ഭാഗം സംബന്ധിച്ച എല്ലാ പ്രതികരണങ്ങളും നീക്കം ചെയ്ത ശേഷമാണ് അംറ് ഖാലിദ് ഖത്തര്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. നിഷേധികളായ ഖുറൈശികള്‍ ശഅബു അബീത്വാലിബില്‍ മുസ്‌ലിംകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധമായിരുന്നു അദ്ദേഹത്തിന്റെ പരിപാടിയുടെ 15ാം ഭാഗത്തിന്റെ ഉള്ളടക്കം. അതിലൂടെ ഇരു രാജ്യങ്ങളെയും പരിഹസിക്കുകയാണ് ഖാലിദ് ചെയ്യുന്നതെന്നാരോപിച്ച് സൗദിയിലെയും യു.എ.ഇയിലെയും ടിറ്റര്‍ ഉപയോക്താക്കള്‍ അദ്ദേഹത്തിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാണ് പ്രസ്തുത പരിപാടിയെന്ന് പറഞ്ഞിട്ടും അവരുടെ ആക്രമണം അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

വിഷയത്തിന് മതപരമായ ന്യായങ്ങള്‍ കണ്ടെത്താന്‍ ഏറ്റവുമധികം ശ്രമിക്കുന്നവരില്‍ ഒരാളാണ് അബൂദാബി ശൈഖ് സായിദ് മസ്ജിദിലെ ഇമാം വസീം യൂസുഫ്. ഖത്തറിനും അവരോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്കുമെതിരെ ആക്രമണം നടത്താന്‍ വിശുദ്ധ റമദാന്‍ മാസത്തെ നീക്കിവെച്ചിരിക്കുന്ന പോലെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകവചനങ്ങളും വരെ ഉപയോഗപ്പെടുത്തിയാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെ അദ്ദേഹം ന്യായീകരിക്കുന്നത്.

Related Articles