Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന് ഐക്യ ദാര്‍ഢ്യമായി ബ്രിഡ്ജ് ഖത്തര്‍ ഫ്യൂഷന്‍ ഷോ

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും ഖത്തര്‍ ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യന്‍ പ്രവാസ സംഘടനയായ ബ്രിഡ്ജ് ഖത്തറിന്റെയും ഖത്തര്‍ നാഷണല്‍ തിയെറ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സമൂഹം ‘ഖത്തര്‍ ഞങ്ങളുടെ രണ്ടാം വീട്, ഐക്യ ദാര്‍ഢ്യത്തിന്റെ ആഘോഷം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഇന്തോ-ഖത്തര്‍ ഫ്യൂഷന്‍ ഷോ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യ ദാര്‍ഢ്യമായി. വൈകീട്ട് 7.30 മണിമുതല്‍ വെസ്റ്റ് ബേയിലുള്ള ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ വച്ച് നടന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള 120 ഓളം കലാകാരന്മാരാണ് രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ വിവിധ ആവിഷ്‌കാരങ്ങളുമായി വേദിയിലെത്തിയത്. ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് സാലാഹ് ബിന്‍ ഗാനിം അല്‍ അലി പരിപാടി ഉദ്ഘാടനം ചെയ്തു.
കലിഗ്രഫി കലാകാരന്‍ അബ്ദുല്‍ കരീം തമീം അല്‍മജദ് കാന്‍വാസിലേക്ക് പകര്‍ത്തിയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇന്തോ-അറബ് ഫ്യൂഷന്‍ ഡാന്‍സ് വേദിലെത്തി. ക്ലോക്ക് നിര്‍മ്മിച്ചതിന്റെ പേരില്‍ തീവ്രവാദ മുദ്ര ചുമത്തെപ്പെട്ട അമേരിക്കന്‍ ബാലന്‍ അഹമ്മദ് മുഹമ്മദിന്റെ ആത്മസംഘര്‍ഷങ്ങളും തുടര്‍ന്ന് ആ ബാലനെ ഖത്തര്‍ സ്വീകരിക്കുന്നതും ആവിഷ്‌കരിച്ച ക്ലോക്ക് ബോയ് മ്യൂസിക്കല്‍ ഡ്രാമ പ്രേക്ഷകരുടെ ഉള്ളുണര്‍ത്തി. ഇന്ത്യയുടെയും ഖത്തറിന്റെയും പരമ്പരാഗത നൃത്തച്ചുവടുകളുമായി വിവിധ കാലാകരന്മാര്‍ വേദിയിലെത്തി. കണ്ടംപററി ഡാന്‍സ്, അര്‍ഗ ഡാന്‍സ്, കഥകളി, കുച്ചിപ്പുടി, ഭരത നാട്യം, മോഹിനിയാട്ടം, നോര്‍ത്ത് ഇന്ത്യന്‍ ഡാന്‍സ് എന്നിവ അരങ്ങേറി. കനല്‍ക്കൂട്ടത്തിനെ നാടന്‍ പാട്ട് സംഘം പരിപാടിക്ക് കൊഴുപ്പേകി. അനശ്വരനായ ഇന്ത്യന്‍ ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങളടങ്ങിയ ഹിന്ദി ഗാനങ്ങളും സൂഫി സംഗീതവും ഗസലും വേദിയിലെത്തി. ഫലസ്തീനിയന്‍ കവി മഹ്മൂദ് ദര്‍വേശിന്റെ കവിതയുടെ രംഗാവിഷകാരം പ്രേക്ഷകരില്‍ നൊമ്പരമുണര്‍ത്തി. യുദ്ധക്കെടുതിയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ഒരു ജനതയിലേക്ക് സഹായ ഹസ്തവുമായി എത്തുന്ന ഖത്തര്‍ അമീറിനെയും ഖത്തര്‍ ചാരിറ്റിയെയും വേദിയില്‍ ആവിഷകരിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. ഒടുവില്‍ കലാരകാരന്മാരെ ചേര്‍ന്ന് ഖത്തര്‍ ഞങ്ങളുടെ രണ്ടാം വീട് എന്ന ബാനര്‍ ഉയര്‍ത്തിയതോടെ പരിപാടിക്ക് തിരശ്ശീല വീണു.
ദോഹയിലെ പ്രശസ്ത കലാ പ്രവര്‍ത്തകരായ നൗഫല്‍ ശംസ്, ഫിറോഷ് മൂപ്പന്‍, ക്രിഷ്ണനുണ്ണി തുടങ്ങിയവരാണ് പരിപാടികള്‍ സംവിധാനം ചെയ്തത്. അനസ് എടവണ്ണ, ലുഖ്മാന്‍ കെ.പി. എന്നിവര്‍ സങ്കേതിക സഹായം നിര്‍വ്വഹിച്ചു. ഖത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോടും കാലങ്ങളായി ഈ രാജ്യം അഭയാര്‍ത്ഥികള്‍ക്കും യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കും നല്‍കി വരുന്ന സംഭാവനകളോടും പ്രവാസികളോട് പുലര്‍ത്തി വരുന്ന കരുതലിനോടുമുള്ള അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യമായി ഈ പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പരിപാടിയില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ബ്രിഡ്ജ് ഖത്തര്‍ ചെയര്‍മാന്‍ സലീല്‍ ഇബ്രാഹിം പറഞ്ഞു

Related Articles