Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന് ഐക്യദാര്‍ഢ്യം അറിയിച്ച് എര്‍ദോഗാന്‍

അങ്കാറ: ചില ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഖത്തറിനുമിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ഖത്തര്‍ ഭരണകൂടത്തോടുള്ള തന്റെ രാഷ്ട്രത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്, കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അഹ്മദ് സ്വബാഹ് എന്നിവരുമായും എര്‍ദോഗാന്‍ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായി തുര്‍ക്കിയിലെ അല്‍ജസീറ റിപോര്‍ട്ടര്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുള്ള സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതില്‍ പങ്കുവഹിക്കാനുള്ള തന്റെ സന്നദ്ധത എര്‍ദോഗാന്‍ ഗള്‍ഫ് നേതാക്കള്‍ക്ക് മുന്നില്‍ വെച്ചു. ഗള്‍ഫ് പ്രതിസന്ധിയും അത് മറികടക്കാനുള്ള മാര്‍ഗങ്ങളെയും സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനുമായും എര്‍ദോഗാന്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ട്. ഖത്തറിനും അവരുമായുള്ള ബന്ധം വിച്ഛേദിച്ച രാജ്യങ്ങള്‍ക്കുമിടയിലെ വിയോജിപ്പുകള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയിലേക്ക് ക്ഷണിക്കാനും ഇരുരാഷ്ട്ര നേതാക്കളും ധാരണയായിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
ഗള്‍ഫ് ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിന് സഹായം ചെയ്യാന്‍ തുര്‍ക്കി സന്നദ്ധമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലുദ് ജാവേശ് ഓഗ്‌ലു നേരത്തെ അറിയിച്ചിരുന്നു. ഗള്‍ഫിന്റെ സുസ്ഥിരത തുര്‍ക്കിയുടെ കൂടി സുസ്ഥിരതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രദേശത്തെ പല രാജ്യങ്ങളിലും പ്രതിസന്ധികളും അസ്ഥിരതയും നിലനില്‍ക്കുന്ന നിലവിലെ പശ്ചാത്തലത്തില്‍ മറ്റേത് സന്ദര്‍ഭത്തേക്കാളും പ്രാദേശിക ഐക്യദാര്‍ഢ്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles