Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന്റെ ചിത്രം വികൃതമാക്കാന്‍ യു.എ.ഇ അംബാസഡര്‍ ശ്രമിച്ചതായി റിപോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് അല്‍ഉതൈബ അമേരിക്കന്‍ നിലപാടുകളെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വ്യക്തമാക്കുന്ന പുതിയ ഒരുക്കൂട്ടം ഇമെയിലുകള്‍ അമേരിക്കയിലെ ‘ഹഫ് പോസ്റ്റ്’ പുറത്തുവിട്ടു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍, അറ്റ്‌ലാന്റിക് കൗണ്‍സിലെ പ്രമുഖര്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനായ എലിയോട്ട് അബ്രാംസ് തുടങ്ങിയവര്‍ക്ക് യു.എ.ഇ അംബാസഡര്‍ അയച്ച ആറ് മെയിലുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കി. യു.എ.ഇയുടെ ഫണ്ട് സ്വീകരിക്കുന്ന അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ തീവ്രവലതുപക്ഷ നിലപാടും ഇസ്രയേലിനോടുള്ള ചായ്‌വും പരസ്യമാണ്. അപ്രകാരം അബ്രാംസ് ഇസ്രയേലിന് നല്‍കുന്ന പിന്തുണയും എല്ലാവര്‍ക്കും അറിയുന്നതാണ്.
ഇപ്പോള്‍ ചോര്‍ന്നിട്ടുള്ള മെയിലുകളുടെ ഉള്ളടക്കത്തോട് പ്രതികരിക്കാന്‍ അബ്രാംസ് തയ്യാറായിട്ടില്ല. എന്നാല്‍ എത്രയോ കാലമായി തന്റെ സുഹൃത്താണ് ഉതൈബയെന്നും തങ്ങള്‍ പരസ്പരം ഇമെയിലുകള്‍ അയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം മെയിലുകളിലെ മുഖ്യവിഷയം ഖത്തറിന്റെ വിദേശകാര്യ നയമായിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഖത്തറിന്റെ മുഖം വികലമായി അവതരിപ്പിക്കാന്‍ യു.എ.ഇ അംബാസഡര്‍ നടത്തിയ ശ്രമങ്ങളെ കുറിക്കുന്ന തെളിവുകളും ഈ മെയിലുകളില്‍ ഉണ്ടെന്നും ‘ഹഫ് പോസ്റ്റ്’ വെബ്‌സൈറ്റ് വെളിപ്പെടുത്തി. ഖത്തര്‍ ഈജിപ്ത് ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഒരു മെയിലില്‍ പറയുന്നത്. ഖത്തറും ഫിഫയും അഴിമതിയുടെയും ചിത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നായിരുന്നു 2022ല്‍ ഖത്തര്‍ ലോകകപ്പിന് ആതിഥ്യമരുളുന്നത് സംബന്ധിച്ച വിഷയത്തില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles