Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെ ഗാനവുമായി പ്രമുഖ അറബ് ഗായകര്‍

ദോഹ: ഖത്തറിനെയും അതിന്റെ നയങ്ങളെയും വിമര്‍ശിച്ചു കൊണ്ടുള്ള അറബ് ഗായകരുടെ ഗാനം യൂടൂബില്‍ വൈറലായതിനൊപ്പം അതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരിക്കുകയാണ്. പ്രമുഖ സൗദി ഗായകരായ റാബിഹ് സഖ്ര്‍, അബ്ദുല്‍ മജീദ് അബ്ദുല്ല, അസ്വീല്‍ അബൂബക്ര്‍, റാശിദ് അല്‍മാജിദ്, മുഹമ്മദ് അബ്ദു, മാജിദ് അല്‍മുഹന്ദിസ്, വലീദ് അശ്ശാമി എന്നിവര്‍ ചേര്‍ന്നാണ് ‘അല്ലിം ഖത്തര്‍’ (ഖത്തറിനെ പഠിപ്പിക്കൂ) എന്ന തലക്കെട്ടിലുള്ള ഗാനം ആലപിച്ചിരിക്കുന്നത്. സൗദി രാജ കൊട്ടാരത്തിലെ ഉപദേഷ്ടാവ് തുര്‍കി ആലുശൈഖാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയത്.
‘അല്ലിം ഖത്തര്‍’ എന്ന ഗാനം ഗായകര്‍ക്ക് നിരക്കാത്ത തരംതാണ ശൈലിയാണെന്നും കലയെ അവഹേളിക്കുകയാണ് അതിലൂടെ ചെയ്തിരിക്കുന്നതെന്നുമാണ് പല ടിറ്റര്‍ ഉപയോക്താക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. യൂടൂബില്‍ മൂന്ന് ദിവസം കൊണ്ട് 31 ലക്ഷത്തിലേറെ ആളുകള്‍ കണ്ട ഗാനത്തെ അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തിയവരേക്കാള്‍ കൂടുതല്‍ പ്രതികൂല അഭിപ്രായം രേഖപ്പെടുത്തിയവരായിരുന്നു എന്ന് അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ടിടുള്ള ഗാനത്തെ കുറിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടര്‍ അഹ്മദ് ബിന്‍ സഈദ് പ്രതികരിച്ചിട്ടുണ്ട്. ഞങ്ങള്‍ (ഖത്തര്‍) ധാര്‍മികത കൊണ്ടാണ് മികവ് പുലര്‍ത്തുന്നത്, ആരോപണങ്ങളും തരംതാണ സംസാരങ്ങളും അവര്‍ക്കും അവരുടെ നാണമില്ലാത്ത മാധ്യമങ്ങള്‍ക്കും വിട്ടുകൊടുത്തിരിക്കുകയാണെന്ന് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ‘അല്ലയോ ഖത്തര്‍, അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കൂ’ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിയോജിപ്പുകള്‍ വെടിഞ്ഞ് ജനതകളെ ചേര്‍ത്തു നിര്‍ത്താനുള്ള സന്ദേശമാണ് കലയിലൂടെ ലഭിക്കേണ്ടതെന്ന് ഗാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു കൊണ്ട് പ്രമുഖ ഖത്തര്‍ ഗായകന്‍ അലി അബ്ദുസ്സത്താര്‍ പറഞ്ഞു. മറുപടി നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ട്, എന്നാല്‍ ഞങ്ങളുടെ സംസ്‌കാരം അതിന് അനുവദിക്കുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാനാണ് ബഹുമാന്യ അമീര്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൂല്യങ്ങളും അടിസ്ഥാനങ്ങളും മുറുകെ പിടിക്കുന്ന സമൂഹമാണ് ഞങ്ങളെന്നാണ് ഖത്തര്‍ അമീറില്‍ നിന്നും ഞങ്ങള്‍ പഠിച്ചത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പകരം ചേര്‍ത്തുനിര്‍ത്തുന്ന ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് കലയെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആശിക്കുന്നതെന്നും ഖത്തര്‍ ഗായകനായ ഫഹദ് അല്‍കുബൈസിയും ടിറ്ററില്‍ പ്രതികരണം രേഖപ്പെടുത്തി.
 

Related Articles