Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിംഗിന് പിന്നില്‍ യു.എ.ഇ: വാഷിംഗ്ടണ്‍ പോസ്റ്റ്

ന്യൂയോര്‍ക്ക്: ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത സംഭവത്തിന് പിന്നില്‍ യു.എ.ഇയാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. നിലവിലെ ഗള്‍ഫ് പ്രതിസന്ധിയിലേക്ക് നയിച്ച സംഭവമായിരുന്നു ഈ ഹാക്കിംഗ്. ഹാക്കിംഗ് യു.എ.ഇ നേരിട്ട് നടത്തിയതാണോ അതിന് മറ്റാരെയെങ്കിലും ചുമതലപ്പെടുത്തിയതാണോ എന്നത് ഇന്റലിജന്‍സ് വിവരങ്ങളില്‍ നിന്ന് വ്യക്തമല്ലെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
മേയ് 23ന് അതായത് ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നതിന് ഒരു ദിവസം മുമ്പ് അതിനെ കുറിച്ച് യു.എ.ഇ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റോ ഖത്തര്‍ ഗവണ്‍മെന്റിന്റെ മറ്റേതെങ്കിലും വെബ്‌സൈറ്റുകളോ ഹാക്ക് ചെയ്യപ്പെട്ടതില്‍ തന്റെ രാജ്യത്തിന് ഒരു പങ്കുമില്ലെന്ന് വാഷിംഗ്ടണിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് അല്‍ഉതൈബ പറഞ്ഞു.
എഫ്.ബി.ഐയുടെ സഹകരണത്തോടെ ഖത്തര്‍ നടത്തിയ അന്വേഷണത്തിലെ നിഗമനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്ന ഈ വിവരങ്ങള്‍. ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റും അതിന്റെ സോഷ്യല്‍ മീഡിയ പേജുകളും പ്രദേശത്തെ ഒരു രാജ്യം തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത അന്വേഷണ ഫലം.
മെയ് 24നാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അതിലൂടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്.

Related Articles