Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ തിരുത്താന്‍ തയ്യാറാകുന്നത് വരെ ബഹിഷ്‌കരണം തുടരുമെന്ന് ഉപരോധക്കാര്‍

കെയ്‌റോ: ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി രാഷ്ട്രങ്ങളുടെ യോഗം പുതിയ തീരുമാനങ്ങളൊന്നും എടുക്കാതെ പിരിഞ്ഞു. അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് രാഷ്ട്രങ്ങള്‍ വിട്ടുനിന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. ഖത്തറിന്റെ പ്രതികരണത്തില്‍ വിമര്‍ശനം രേഖപ്പെടുത്തുകയും നേരത്തെ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും മാത്രമാണ് യോഗത്തിലുണ്ടായത്. ചതുര്‍ രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെയുള്ള ഖത്തറിന്റെ ‘പ്രതികൂല’ മറുപടിയില്‍ പ്രസ്തുത നാല് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ സമാപന പ്രസ്താവന ദുഖം രേഖപ്പെടുത്തി. പ്രശ്‌നത്തിന്റെ വേരുകളെ ചികിത്സിക്കുന്നതില്‍ കാണിക്കുന്ന അലംഭാവവും ഗൗരവമില്ലായ്മയുമാണ് ഖത്തറിന്റെ മറുപടിയെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രി വായിച്ച സമാപന പ്രസ്താവന പറഞ്ഞു.
ഖത്തര്‍ അതിന്റെ നയങ്ങള്‍ തിരുത്തുന്നത് വരെ സാമ്പത്തികവും രാഷ്ട്രീയവുമായി ബഹിഷ്‌കരണം തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ മന്ത്രിമാരുടെ സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിസന്ധിയില്‍ നിഷ്പക്ഷ സമീപനമാണ് തുര്‍ക്കി സ്വീകരിക്കുന്നതെന്ന് ഉപരോധക്കാരായ രാഷ്ട്രങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഖത്തര്‍ നിലപാട്
ദോഹ ചര്‍ച്ചക്ക് സന്നദ്ധമാണെന്നും എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിച്ചു കൊണ്ടായിരിക്കണം അതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ലണ്ടനില്‍ വെച്ച് പറഞ്ഞു. വായകള്‍ മൂടിക്കെട്ടാനും ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ക്കെതിരെയുള്ള എതിര്‍സ്വരങ്ങള്‍ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് പ്രശ്‌നത്തിന്റെ അടിസ്ഥാനമെന്നും ഉപരോധക്കാരുടെ ആവശ്യങ്ങളില്‍ നിന്ന് അത് വളരെ വ്യക്തമാണെന്നും ലണ്ടനിലെ ചാത്തം ഹൗസില്‍ നടത്തിയ സംസാരത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles