Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം നീളുന്നതിനെതിരെ താക്കീതുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഖത്തര്‍-ജി.സി.സി പ്രശ്‌നം അനന്തമായി നീളുന്നതിനിടെ മുന്നറിയിപ്പുമായി കുവൈത്ത്. ഖത്തറിനെതിരെ നാലു അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഏഴാം മാസവും തുടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് താക്കീതു നല്‍കിയത്. കഴിഞ്ഞ ദിവസം കുവൈത്തില്‍ നടന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കുവൈത്ത് വിഷയത്തില്‍ വീണ്ടും ഇടപെട്ടത്.

ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ തങ്ങളുടെ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കണമെന്നാണ് കുവൈത്ത്‌ അമീര്‍ ആവശ്യപ്പെട്ടത്. ഖത്തറും ഇതര രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇത് മേഖലയില്‍ വലിയ പ്രാദേശിക അസ്ഥിരതക്ക് കാരണമാകുമെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് പറഞ്ഞു. മേഖലയിലെ ഐക്യത്തിന് ആഹ്വാനം ചെയ്താണ് രണ്ടു ദിവസത്തെ ജി.സി.സി ഉച്ചകോടി സമാപിച്ചത്.

2017 ജൂണ്‍ അഞ്ചിനായിരുന്നു സൗദി അറേബ്യ,യു.എ.ഇ, ഈജിപ്ത്,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ വ്യോമ,കര,കടല്‍ മേഖലയില്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നു അവര്‍ക്ക് സഹായം നല്‍കുന്നു എന്നാരോപിച്ചാണ് ഉപരോധം. ജി.സി.സി രാജ്യങ്ങള്‍ മുന്നോട്ടു വച്ച ഉപാധികള്‍ അംഗീകരിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് ഈ രാജ്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്തിന്റെ ആത്മാഭിമാനം പണയം വെക്കില്ലെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്‌ അല്‍താനി ഇതിനോട് പ്രതികരിച്ചിരുന്നത്.

ഉപരോധം 217 ദിവസം പിന്നിടുമ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. കുവൈത്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്.

 

Related Articles