Current Date

Search
Close this search box.
Search
Close this search box.

ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ലിബിയയിലെ ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍

ട്രിപ്പോളി: പൂര്‍ണനഗ്നനാക്കി തറയില്‍ കിടത്തി പ്ലാസ്റ്റിക് ദ്രാവകം ചൂടാക്കി പുറത്തേക്ക് ഒഴിക്കുക, മോചനദ്രവ്യം ആവശ്യപ്പെട്ട് അഭയാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുക തുടങ്ങി മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ലിബിയയിലെ ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുടെ ക്യാംപില്‍ നിന്നും പുറത്തുവരുന്നത്.

ലിബിയയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ ആഫ്രിക്കന്‍ വംശജരെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെയും ദുരുപയോഗം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ അല്‍ജസീറയാണ് പുറത്തുവിട്ടത്. ഇതിന്റെ ആധികാരികത ഉറപ്പുവരുത്തിയിട്ടില്ലെങ്കിലും ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ക്കു നേരെയുള്ള പീഡന വാര്‍ത്തകള്‍ ലിബിയയില്‍ നിന്നും നേരത്തെയും പുറത്തുവന്നതാണ്.

അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളും അടിമത്വ കേന്ദ്രങ്ങളും ലിബിയയില്‍ ധാരാളമായുണ്ട്. ആഫ്രിക്കയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ ലിബിയ പിടികൂടുന്നത്. തുടര്‍ന്ന് ഇവരെ അടിമകളാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.  മതിയായ രേഖകളില്ലാതെ ബോട്ടില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭൂരിഭാഗം പേരും പിടിയിലാകുന്നത്.

കഴിഞ്ഞ വര്‍ഷം ലിബിയയില്‍ ആഫ്രിക്കന്‍ അടിമകളെ ലേലത്തില്‍ വില്‍ക്കുന്നതായ വാര്‍ത്തകളും വീഡിയോകളും പുറത്തുവന്നതോടെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ലിബിയയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ലിബിയയില്‍ നിന്നും ഒരു ലക്ഷം അഭയാര്‍ത്ഥികളാണ് രക്ഷപ്പെട്ട് ഇറ്റലിയിലെത്തിയത്. ഇതിനിടെ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് തകര്‍ന്ന് മൂവായിരത്തോളം പേരാണ് മരിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലിബിയയില്‍ സര്‍ക്കാരും വിവിധ സായുധ സംഘങ്ങളും വിഘടിച്ചു നില്‍ക്കുകയാണ്. 2011ല്‍ ലിബിയയിലുണ്ടായ ജനകീയ പ്രതിഷേധത്തിലൂടെ രാജ്യത്തെ ദീര്‍ഘകാല നേതാവായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ അട്ടിമറിച്ചതോടെയാണ് രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയത്.

 

Related Articles