Current Date

Search
Close this search box.
Search
Close this search box.

കൈരളി ടി.വി പുരസ്‌കാരം നേടിയ സലാം മന്പാട്ടു മൂലയെ കെ.എം.സി.സി അനുമോദിച്ചു

മനാമ: ബഹ്‌റൈനില്‍ സാമൂഹ്യ സേവനത്തിനുള്ള കൈരളി ടി.വി പുരസ്‌കാരം നേടിയ സലാം മമ്പാട്ടുമൂലയെ ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി അനുമോദിച്ചു. നിലവില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മറ്റി പ്രസിഡന്റ് കൂടിയായ സലാം മമ്പാട്ടുമൂലക്ക് അര്‍ഹതക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് സഹ ഭാരവാഹികള്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സലാമിലൂടെ ജീവകാരുണ്യ രംഗത്ത് കെ.എം.സി.സിക്ക് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്.

അതേസമയം സലാം ജോലി ചെയ്യുന്ന സെന്‍ന്ട്രല്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സ്വന്തമായി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും അതുല്യമാണ്. നിര്‍ധന രോഗികള്‍ക്ക് മരുന്നിനുള്ള സഹായം, നാട്ടിലുള്ള നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കു വിസ ചെലവുകള്‍ വഹിച്ച് ഗള്‍ഫ് ജോലി നല്‍കല്‍, പലിശക്കെണിയിലും സ്‌പോണ്‍സര്‍മാരുടെ പീഢനത്തിലും അകപെട്ടവരെ നാട്ടിലെത്തിക്കുന്നതുവരെയുള്ള നിയമസാമ്പത്തിക സഹായം,  പ്രവാസികളുടെ മയ്യിത്ത് പരിപാലനവും മൃതദേഹം നാട്ടിലെത്തിക്കുന്നതുവരെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ബഹ്‌റൈനിലും നാട്ടിലുമായി സാമൂഹ്യ സേവന രംഗത്ത് അതുല്ല്യമായ പ്രവര്‍ത്തനങ്ങളാണു സലാം കാഴ്ചവെക്കുന്നത്.

ഇതിനകം വര്‍ഷങ്ങളായി പിറന്ന നാടോ ബന്ധുജനങ്ങളേയോ കാണാന്‍ കഴിയാത്തവര്‍, രോഗം മൂലം വലയുന്നവര്‍, പണിയും കൂലിയുമില്ലാത്ത അന്നം കഴിക്കാന്‍ വകയില്ലാത്തവര്‍, തൊഴില്‍ നഷ്ടമായി തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍, പീഢനത്തിനിരകളാകുന്ന വീട്ടുവേലക്കാര്‍ തുടങ്ങി എത്രയോ മനുഷ്യരുടെ കണ്ണീരൊപ്പാന്‍ സലാമിനും അതുവഴി കെ.എം.സി.സിക്കും സാധിച്ചിട്ടുണ്ട്. വിവിധ മേഖലയിലുള്ള സലാമിന്റെ കാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും പരിഗണിച്ച് ഇതുവരെ വിവിധ സംഘടനകളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നുമായി അമ്പതോളം പുരസ്‌കാരങ്ങള്‍ സലാമിനു ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വണ്ടൂര്‍  ചോക്കാട് പഞ്ചായത്തിലെ മമ്പാട്ടുമൂല സ്വദേശിയായ സലാം പുത്തന്‍പള്ളി മൂസ ആമിന ദമ്പതികളുടെ 11 മക്കളില്‍ ഏറ്റവും ഇളയവനാണ്. ഭാര്യ ഷബ്‌നയും മക്കളായ ഫാസില്‍, മൂസ, ഫാരിസ്,ഫര്‍ഹ എന്നിവരും ഉള്‍പ്പെടുന്ന കുടുംബം നാട്ടിലാണ് കഴിയുന്നത്. ബഹ്‌റൈനിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍  നടന്‍ മമ്മൂട്ടിയാണ് സലാമിന് പുരസ്‌കാരം സമ്മാനിച്ചത്.

 

Related Articles