Current Date

Search
Close this search box.
Search
Close this search box.

കെയ്‌റോ കത്തീഡ്രല്‍ സ്‌ഫോടനം; ബ്രദര്‍ഹുഡിനെതിരെ ആരോപണവുമായി ആഭ്യന്തര വകുപ്പ്

കെയ്‌റോ: കെയ്‌റോയിലെ കത്തീഡ്രലിലുണ്ടായ സ്‌ഫോടനത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം. അതേസമയം മഹ്മൂദ് ശഫീഖ് മുഹമ്മദ് മുസ്തഫ എന്ന യുവാവാണ് ചാവേര്‍ സ്‌ഫോടനം നടത്തിയതെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി പറഞ്ഞു.
വിദേശത്തെ ഈജിപ്ത് പ്രതിപക്ഷത്തിന് കീഴിലുള്ള ഈജിപ്ഷ്യന്‍ വിപ്ലവ സമിതി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നേതൃത്വത്തെ അവര്‍ ഭരണകൂടത്തിന് നല്‍കുന്ന പിന്തുണയുടെ പേരില്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കി. മഹാബ് മുസ്തഫ എന്ന ഈജിപ്ഷ്യന്‍ ഡോക്ടറാണ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്നും പ്രസ്താവന ആരോപിച്ചു. രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കുന്നതിനും കുഴപ്പങ്ങളുണ്ടാക്കുന്നതിനും ഖത്തറിലുള്ള ബ്രദര്‍ഹുഡ് നേതാക്കളില്‍ നിന്നും സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തിക്ക് സാമ്പത്തികവും സായുധവുമായ പിന്തുണയും നിര്‍ദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു. പ്രസിഡന്റ് സീസി പരാമര്‍ശിച്ചിട്ടുള്ള സ്‌ഫോടനം നടത്തിയ മഹ്മൂദ് ശഫീഖിനെ കുറിച്ചും പ്രസ്താവന പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധമുള്ള നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രസ്താവന സൂചിപ്പിച്ചു.
അതേസമയം രക്തചൊരിച്ചിലുമായി പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ലെന്നും അതിന് സായുധ സംഘം ഇല്ലെന്നും ബ്രദര്‍ഹുഡ് വക്താവ് തല്‍അത് ഫഹ്മി പ്രതികരിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലാണ് ചാവേറിനെ കുറിച്ച് സീസി പറഞ്ഞത്. സ്‌ഫോടനത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടിരുന്നത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളായിരുന്നുവെന്നും ഈജിപ്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ 21 പേര്‍ ഇപ്പോഴും ചികിത്സയിലാണെന്നും ആരോഗ്യ വകുപ്പ് സൂചിപ്പിച്ചു.

Related Articles