Current Date

Search
Close this search box.
Search
Close this search box.

കുവൈത്തില്‍ മസ്ജിദുകള്‍ക്ക് പുറത്തുള്ള പെരുന്നാള്‍ നമസ്‌കാരങ്ങള്‍ റദ്ദാക്കി

കുവൈത്ത്: സുരക്ഷാ കാരണങ്ങളാല്‍ മസ്ജിദുകള്‍ക്ക് പുറത്ത് നടത്തുന്ന പെരുന്നാള്‍ നമസ്‌കാരങ്ങള്‍ റദ്ദാക്കിയതായി കുവൈത്ത് ഔഖാഫ് വ്യക്തമാക്കി. എല്ലാ പ്രദേശങ്ങളിലെയും ജുമുഅ നടക്കുന്ന മസ്ജിദുകളില്‍ തന്നെയായിരിക്കും പെരുന്നാള്‍ നമസ്‌കാരങ്ങളും നടക്കുക. നമസ്‌കരിക്കാനെത്തുന്നവരുടെ സുരക്ഷ പരിഗണിച്ച് പുറത്തുള്ള നമസ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വകുപ്പുമായി ദീര്‍ഘമായ കൂടിയാലോചനകള്‍ക്ക് ശേഷമെടുത്ത തീരുമാനമാണിതെന്നും ഔഖാഫ് വക്താവ് അഹ്മദ് അല്‍ഖറാവി വ്യക്തമാക്കി.
തീരുമാനം മസ്ജിദുകളിലെ പെരുന്നാള്‍ നമസ്‌കാരത്തെ ബാധിക്കുകയില്ലെന്നും പ്രവാചകചര്യയ ജീവിപ്പിക്കുന്നതിന് ഔഖാഫ് മന്ത്രാലയം അതീവ് താല്‍പര്യം കാണിക്കുന്നുണ്ടെന്നും അല്‍ഖറാവി പറഞ്ഞു. പ്രദേശത്ത് വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തും അതിന് വിധേയമാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ദാഹിം അല്‍ഖഹ്താനി പറഞ്ഞു. കഴിഞ്ഞ റമദാനില്‍ മസ്ജിദുല്‍ ഇമാം അസ്വാദിഖിലുണ്ടായ സ്‌ഫോടനം അതിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തീരുമാനത്തിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും വിയോജിപ്പുകളൊന്നും ഉയര്‍ന്നിട്ടില്ലെന്നും സാഹചര്യത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരായതിനാലാണ് അതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles