Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റത്തിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ എടുത്തുകളഞ്ഞു

തെല്‍അവീവ്: കിഴക്കന്‍ ഖുദ്‌സില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് മുമ്പുണ്ടായിരുന്ന വ്യവസ്ഥകള്‍ ഒഴിവാക്കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു മുതിര്‍ന്ന മന്ത്രിമാരെ അറിയിച്ചു. പ്രദേശത്ത് നൂറുകണക്കിന് പുതിയ വീടുകള്‍ക്ക് നഗരസഭ കൗണ്‍സില്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കിഴക്കന്‍ ഖുദ്‌സിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ ആവശ്യമില്ലെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. നാം ഉദ്ദേശിക്കുന്ന പോലെ ഉദ്ദേശിക്കുന്ന തോതില്‍ അവിടെ നിര്‍മാണം നടത്താമെന്ന് പറഞ്ഞ അദ്ദേഹം വെസ്റ്റ്ബാങ്കിലും ഇത്തരത്തില്‍ അനുമതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും അറിയിച്ചു.
നാല്‍പതിനായിരത്തോളം ഇസ്രയേല്‍ കുടിയേറ്റക്കാര്‍ വസിക്കുന്ന മാആലി അദുമീം കുടിയേറ്റ കേന്ദ്രം ഖുദ്‌സിലേക്ക് ചേര്‍ക്കുന്നത് സംബന്ധിച്ച പ്രമേയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിമാരെയാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. ‘കുടിയേറ്റകേന്ദ്രങ്ങള്‍ വെളുപ്പിക്കല്‍’ എന്ന പേര്‍ നല്‍കിയിരിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരിക്കുമെന്നും ഇസ്രേയല്‍ മിനി ക്യാബിനറ്റ് പുറത്തുവിട്ട സംക്ഷിപ്ത പ്രസ്താവന വ്യക്തമാക്കി.
കളിനിയമങ്ങള്‍ മാറിയിരിക്കുകയാണെന്നും കുടിയേറ്റ നയത്തെ വിമര്‍ശിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നാളുകളെ പോലെ ഞങ്ങളിനി കൈകെട്ടിയിരിക്കുകയില്ലെന്ന് ഖുദ്‌സ് നഗരസഭാ വൈസ് പ്രസിഡന്റ് മെയില്‍ തുര്‍ഗ്മാന്‍ ട്രംപ് വൈറ്റ്ഹൗസിലെത്തിയ പശ്ചാത്തലത്തില്‍ പറഞ്ഞിരുന്നു. അധിനിവിഷ്ട ഖുദ്‌സ് നഗരത്തിന്റെ കിഴക്കന്‍ ഭാഗത്ത് കഴിഞ്ഞ ചൊവ്വാഴ്ച്ച ഖുദ്‌സ് നഗരസഭ 566 കുടിയേറ്റ ഭവങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കിഴക്കന്‍ ഖുദ്‌സില്‍ പതിനൊന്നായിരം കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും തുര്‍ഗ്മാന്‍ പറഞ്ഞു.
അതേസമയം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂറദീന ഈ നീക്കത്തെ ശക്തമായി അപലപിച്ചു. കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന രക്ഷാസമിതിയുടെ 2334 പ്രമേയത്തിന് ശേഷം ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നത് രക്ഷാസമിതിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles