Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ജറൂസലം ഫലസ്തീന്റെ തലസ്ഥാനമെന്ന പ്രഖ്യാപനവുമായി ഒ.ഐ.സി

അങ്കാറ: കിഴക്കന്‍ ജറൂസലം ഫലസ്തീന്റെ തലസ്ഥാനമാണെന്ന പ്രഖ്യാപനവുമായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി). അമേരിക്കയുടെ പ്രഖ്യാപനത്തെ തള്ളിയ സംഘടന ട്രംപിന്റെ നിലപാട് അത്യന്തം അപകടം നിറഞ്ഞതാണെന്നും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ നിലപാടിനൊപ്പം നില്‍ക്കണമെന്നും ആഹ്വാനം ചെയ്തു. ബുധനാഴ്ച തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വച്ചു നടന്ന ഇസ്‌ലാമിക രാജ്യ സഹകരണ സംഘടനയുടെ(ഒ.ഐ.സി) ഉച്ചകോടിയാണ് നിലപാട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ലോക രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു പ്രഖ്യാപനം. ഇതിനു പിന്നാലെ തെല്‍അവീവിലുള്ള യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനും ട്രംപ് ഉത്തരവിട്ടിരുന്നു.

ട്രംപിന്റെ നടപടിയില്‍ പ്രതിഷേധമറിയിക്കാനാണ് ഒ.ഐ.സി രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അസാധാരണ യോഗം ചേര്‍ന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്. സംഭവത്തില്‍ മുസ്‌ലിം ലോകത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും ഒറ്റക്കെട്ടായി നിലനില്‍ക്കണമെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഒ.ഐ.സി സെക്രട്ടറി ജനറല്‍ യൂസുഫ് അല്‍ ഉതൈമിന്‍ പറഞ്ഞു. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ നീതിയും സമാധാനവും പുലര്‍ത്താന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും കിഴക്കന്‍ ജറൂസലേമിനെ ലോക രാഷ്ട്രങ്ങള്‍ ഫലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

ഫലസ്തീനിലെ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാന്‍ യു.എന്‍ ഇടപെടണമെന്നും മേഖലയില്‍ ഇനിയുണ്ടാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ട്രംപാണ് ഉത്തരവാദിയെന്നും സംഘടന അഭിപ്രായപ്പെട്ടു. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ 57 അംഗരാജ്യങ്ങളാണ് സംഘടനയിലുള്ളത്. ഇതിനു പുറമേ കുറച്ച് നിരീക്ഷക രാഷ്ട്രങ്ങളും ഇതില്‍ ഉള്‍പ്പെടും.

 

 

Related Articles