Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ഗൂതയുടെ 70 ശതമാനവും സൈന്യം പിടിച്ചെടുത്തു; കൂട്ടപ്പലായനം തുടരുന്നു

ദമസ്‌കസ്: ആക്രമണം രൂക്ഷമായ സിറിയയിലെ കിഴക്കന്‍ ഗൂതയിലും അഫ്രിനിലും കൂട്ടപ്പാലായനും മൂന്നാം ദിവസവും തുടരുന്നു. കിഴക്കന്‍ ഗൂതയുടെ 70 ശതമാനത്തിനു മുകളിലും സിറിയ-റഷ്യ സഖ്യസേന തിരിച്ചുപിടിച്ചു എന്നാണ് അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ കൂട്ടക്കുരുതി രൂക്ഷമായ ഇവിടുത്തെ വിമത കേന്ദ്രങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് പേരാണ് ദിവസവും പലായനം ചെയ്യുന്നത്. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് നാടുനീങ്ങുന്ന ദയനീയ കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും പുറത്തുവരുന്നത്.

അഫ്രിന്‍ കൈയടക്കിയ തീവ്രവാദികളെ തുരത്താനാണ് തുര്‍ക്കി ഇവിടെ സൈനിക നടപടി ആരംഭിച്ചത്. ഇവിടെ കുര്‍ദ് തീവ്രവാദികളുടെ കേന്ദ്രമായിരുന്ന 9 ഗ്രാമങ്ങളും മൂന്നു കുന്നിന്‍പ്രദേശങ്ങളും തുര്‍ക്കി തിരിച്ചുപിടിച്ചതായി അവകാശപ്പെടുന്നു. ഇതിനോടകം 3530 തീവ്രവാദികളെ അഫ്രിനില്‍ നിന്നും നിഷ്‌ക്രിയമാക്കിയതായും തുര്‍ക്കി സൈന്യം പറഞ്ഞു.

കിഴക്കന്‍ ഗൂതയില്‍ 20,000 പേരും അഫ്രിനില്‍ നിന്നും 30,000 പേരും ഇതിനോടകം പലായനം ചെയ്തു. വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ കിഴക്കന്‍ ഗൂതയില്‍ ആറു കുട്ടികളടക്കം 46 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടനയായ എസ്.ഒ.എച്ച്.ആര്‍ അറിയിച്ചു. രണ്ടായിരത്തിലധികം പേര്‍ വെള്ളിയാഴ്ച മാത്രം ഇവിടെ നിന്നും പലായനം ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഗുരുതര പ്രതിസന്ധിയാണ് സിറിയന്‍ ജനത അനുഭവിക്കുന്നത്. സിറിയയിലെ തന്നെ മറ്റു സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് ഇവര്‍ കുടിയേറുന്നത്. ഇതിനായി വാഹനം കാത്തുനില്‍ക്കുന്നവരുടെയും വെയിലേറ്റ് ക്ഷീണിച്ച് നടന്നു നീങ്ങുന്നവരുടെയും ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. വിമതരുടെ പ്രധാന കേന്ദ്രമായ ഹമൂരിയ നഗരത്തില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസം പലായനം ചെയ്തത്. യു.എന്നിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ സഹായ സംഘങ്ങള്‍ സിറിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

Related Articles