Current Date

Search
Close this search box.
Search
Close this search box.

കിര്‍കുക്കിന് പുറകെ അര്‍റുതബ നഗരവും ഐഎസ് പിടിയില്‍

ബഗ്ദാദ്: രണ്ട് ദിവസത്തോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇറാഖിലെ പടിഞ്ഞാറന്‍ നഗരമായ അര്‍റുതബ ഐഎസ് പിടിച്ചടക്കിയതോടെ ഇറാഖ് സൈന്യവും ഗ്രോത്രവിഭാഗത്തിലെ പോരാളികളും അവിടെ നിന്നും പിന്‍വാങ്ങിയതായി അന്‍ബാര്‍ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ജോര്‍ദാന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരത്തിന്റെ വടക്കന്‍ പ്രദേശങ്ങളും ഐഎസ് നിയന്ത്രണത്തിലായതായി റിപോര്‍ട്ട് സൂചിപ്പിച്ചു. അര്‍റുതബയിലെ പ്രാദേശിക നേതാക്കളെ ഐഎസ് വകവരുത്തിയതായും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
കടുത്ത ഭീതിയിലായ നഗരത്തില്‍ നിന്നും നിരവധി കുടുംബങ്ങള്‍ കിഴക്കന്‍ മേഖലയിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഐഎസില്‍ നിന്നും നഗരം വീണ്ടെടുക്കാനുള്ള സൈനിക നീക്കം നടത്തുന്നതിന് അന്‍ബാര്‍ സൈനിക ഓപറേഷന് നേതൃത്വം നല്‍കുന്ന ഇസ്മാഈല്‍ മഹല്ലാവിയുടെ നേതൃത്വത്തില്‍ സൈനികര്‍ നഗരത്തിന്റെ പല ഭാഗത്തും എത്തിയിട്ടുണ്ടെന്നും വാര്‍ത്താ സ്രോതസ്സുകള്‍ അറിയിച്ചു.
വെള്ളിയാഴ്ച്ച കിര്‍കൂക് നഗരം പിടിച്ചെടുക്കാന്‍ സ്വീകരിച്ച അതേ രീതി തന്നെയാണ് അര്‍റുതബയിലും ഐഎസ് സ്വീകരിച്ചിട്ടുള്ളത്. കാര്‍ബോംബുകളും ബെല്‍റ്റ് ബോംബുകളുമായി ചാവേറുകള്‍ നാല് ഭാഗത്തും നിന്നും കടന്നു കയറിയാണ് അവര്‍ ആക്രമണം ആരംഭിച്ചത്. ആക്രമണത്തില്‍ മുപ്പതോളം ഇറാഖി സൈനികരും 19 ഐഎസ് പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. അര്‍റുതബ നഗരം കഴിഞ്ഞ മെയ് മാസത്തില്‍ ഐഎസില്‍ നിന്നും ഇറാഖ് സൈന്യം തിരിച്ചു പിടിച്ച പ്രദേശമാണ്. ഐഎസിന്റെ പ്രധാന ശക്തി കേന്ദ്രമായ മൂസിലില്‍ അന്താരാഷ്ട്ര സഖ്യത്തിന്റെ പിന്തുണയോടെ പഷ്മര്‍ഗ പോരാളികളും ഇറാഖ് സൈന്യവും നടത്തുന്ന സൈനിക നീക്കത്തില്‍ നിന്നും ശ്രദ്ധ തെറ്റിക്കലാണ് അര്‍റുതബയിലെയും കിര്‍കൂകിലെയും പ്രവര്‍ത്തനങ്ങളിലൂടെ ഐഎസ് ലക്ഷ്യം വെക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Related Articles