Current Date

Search
Close this search box.
Search
Close this search box.

കശാപ്പ് നിരോധന നിയമം കര്‍ഷക വിരുദ്ധം: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: കാലികളുടെ കശാപ്പ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിജ്ഞാപനം കര്‍ഷകവിരുദ്ധവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹമിക്കാര്യം അഭിപ്രായപ്പെട്ടത്.
കാലികളുടെ കശാപ്പുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പൂര്‍ണമായും കര്‍ഷകവിരുദ്ധവും ജനവിരുദ്ധവുമായിട്ടാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കത് ദോഷം ചെയ്യും. ബീഫ് ഉപയോഗത്തിന് നേരിട്ട് വിലക്കേര്‍പ്പെടുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിഗൂഢമായ ഒരുത്തരവിലൂടെ കാലികളുടെ കശാപ്പിന് നിരോധനം ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. കശാപ്പിനെ ക്രൂരതയായി കാണുകയും പ്രായം ചെന്നതും ഉല്‍പാദനക്ഷമതയില്ലാത്തതുമായ കാലികളെ ഒഴിവാക്കുന്ന സ്വഭാവിക പ്രക്രിയ കുറ്റകൃത്യമാക്കുകയും ചെയ്യുന്നതിലൂടെ ക്ഷീരവ്യവസായത്തിന് കനത്ത പ്രഹരമാണ് സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്നത്. ക്ഷീരവ്യവസായത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 40 ശതമാനത്തോളം ഉല്‍പാദനക്ഷമത നഷ്ടപ്പെട്ട കാലികളെ വില്‍ക്കുന്നതിലൂടെ ലഭിക്കുന്നതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കശാപ്പ് ചെയ്യപ്പെടുന്ന കാലികളുടെ 30 ശതമാനം മാത്രമാണ് മാംസാവശ്യത്തിന് ഉപയോഗിക്കുന്നതെന്നത് വിഷയത്തിന്റെ ശ്രദ്ധേയമായ മറ്റൊരു വശമാണ്. അവശേഷിക്കുന്ന 70 ശതമാനവും തുകല്‍, സോപ്പ്, ടൂത്ത്‌പേസ്റ്റ്, ബ്രഷുകള്‍, ശസ്ത്രക്രിയക്കാവശ്യമായ നൂലുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. 2014-15 വര്‍ഷത്തില്‍ ഇന്ത്യ കയറ്റിയയച്ചത് 30,000 കോടി രൂപയുടെ മാട്ടിറച്ചിയാണ്. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ ഒരു ശതമാനമാണിത്. ഈ വ്യവസായങ്ങളെല്ലാം പൂര്‍ണമായും തകരുന്നത് വ്യാപകമായ തൊഴിലില്ലായ്മക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും നയിക്കും. എന്നും പ്രസ്താവന വിവരിച്ചു. കര്‍ഷക വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ള ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Related Articles