Current Date

Search
Close this search box.
Search
Close this search box.

കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഉലമാ കൗണ്‍സില്‍

രാമേശ്വരം: അന്തരിച്ച് മുന്‍ രാഷ്ട്രപതി അബുല്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനയായ ജമാഅത്തുല്‍ ഉലമ കൗണ്‍സില്‍ രംഗത്ത്. പ്രതിമ സ്ഥാപിക്കല്‍ ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായ പ്രവര്‍ത്തനമായതിനാലാണ് അതിനെ എതിര്‍ക്കുന്നതെന്നും സംഘടന വ്യക്തമാക്കി. ഇസ്‌ലാം വിഗ്രഹാരാധനക്കും വ്യക്തിപൂജക്കും എതിരാണെന്ന് കൗണ്‍സില്‍ പ്രസിഡന്റ് എ. വലിയുല്ലാ നൂരി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കലാമിനെ ആദരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്‍പറ്റുകയും ശക്തവും വികസിതവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിലുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് തിരിച്ചറിയലുമാണ്. ഉന്നതമായ ലക്ഷ്യങ്ങള്‍ സ്വപ്‌നം കാണാന്‍ യുവാക്കളോട് ആവശ്യപ്പെട്ട വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റലാണ് അദ്ദേഹത്തിന് നല്‍കുന്ന ഏറ്റവും വലിയ ആദരവ് എന്നും അദ്ദേഹം പറഞ്ഞു.
പ്രതിമ സ്ഥാപിക്കുന്നതില്‍ നിന്നും പിന്‍മാറി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിന് മ്യൂസിയമോ ഓഡിറ്റോറിയമോ വൈജ്ഞാനിക കേന്ദ്രങ്ങളോ പണികഴിപ്പിക്കുന്നത് യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് മീറ്റിംഗില്‍ പങ്കെടുത്ത കൗണ്‍സില്‍ സെക്രട്ടറി എം. അബ്ദുറഹ്മാന്‍, ട്രഷറര്‍ എസ്. മുഹമ്മദ് സലീം എന്നിവര്‍ പറഞ്ഞു. തങ്ങളുടെ ഈ വികാരം കലാമിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പ്രതിമ അനാഛാദനം ചെയ്യാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ അതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കില്ലെന്നും കൗണ്‍സില്‍ നേതൃത്വം വ്യക്തമാക്കി. ഏഴ് അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ ജൂലൈ 27ന് അനാച്ഛാദനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Related Articles