Current Date

Search
Close this search box.
Search
Close this search box.

‘കനിവ്’ ഡയാലിസിസ് മെഷീന്‍ ഡല്‍ഹി അല്‍ഷിഫ ഹോസ്പിറ്റലിന് സമര്‍പ്പിച്ചു

കുവൈത്ത് സിറ്റി: കനിവ് സോഷ്യല്‍ റിലീഫ് സെല്‍ കുവൈത്തിലെ കേരള എക്‌സ്പാക്റ്റ് ഫുട്‌ബോള് അസോസിയേഷന്റെ (കെഫാക്) സഹകരണത്തോടെ നടത്തിവരുന്ന ഫുഡ്‌കോര്‍ട്ട് പദ്ധതിയിലൂടെയുള്ള വരുമാനം ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ കിഡ്‌നി ഡയാലിസിസ് മെഷീന്‍ വിഷന്‍ 2016 പദ്ധതിയുടെ സംരംഭമായ ഡല്‍ഹി അല്‍ഷിഫ ഹോസ്പിറ്റലിന് സമര്‍പ്പിച്ചു. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.ഐ.ജി. പ്രസിഡന്റ് ഫൈസല്‍ മഞ്ചേരിയും, കെഫാക് പ്രസിഡന്റ് ഗുലാം മുസ്തഫയും ചേര്‍ന്ന് ഹ്യൂമന്‍ വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനും ഡല്‍ഹി അല്‍ഷിഫ ഹോസ്പിറ്റല്‍ ജനറല്‍ സെക്രട്ടറിയുമായ ടി. ആരിഫലിക്ക് ചെക്ക് കൈമാറി. ചടങ്ങില്‍ കെ.ഐ.ജി ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ്, ട്രഷറര്‍ എസ്.എ.പി ആസാദ്, കെ.മൊയ്തു, സി.പി. നൈസാം, അനവര്‍ ഷാജി എന്നിവര്‍ സംബന്ധിച്ചു. കെഫാക് നടത്തുന്ന ഫുട്‌ബോള്‍ മത്സരങ്ങളില്‍ 2014-15 കാലയളവില്‍ കനിവ് നടത്തിയ ഫുഡ്‌കോര്‍ട്ടില്‍ നിന്നും ലഭിച്ച വരുമാനമാണ് ഈ പദ്ധതിക്കായി മാറ്റിവച്ചത്.
കെ.ഐ.ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന ജീവകാരുണ്യ വിഭാഗമായ കനിവ് സോഷ്യല്‍ റിലീഫ് സെല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മൂന്നു കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കുവൈത്തില്‍ വിവിധ കാരണങ്ങളാല്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവര്‍ക്കായി 30348 ദീനാറും ഇന്ത്യയിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിയിനത്തില്‍ 18567 ദീനാറും റമദാന്‍ ഇഫ്ത്വാര്‍ സ്‌കീം ഇനത്തില്‍ 23526 ദീനാറും സക്കാത്ത്/ഫിത്‌റ് സക്കാത്ത് ഇനത്തില് 11310 ദീനാറും ഖുര്‍ബാനി പ്രൊജക്ടിലേക്ക് 24171 ദീനാറും ബ്ലാങ്കറ്റ് പ്രൊജക്ടിലേക്ക് 9755 ദീനാറും സഹായമായി ചിലവഴിച്ചു. കൂടാതെ ഗസ്സ, കാശ്മീര്‍, നേപ്പാള്‍, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസ നിധികളിലേക്കായി 12194 ദീനാറും സ്വരൂപിച്ച് അയച്ചു കൊടുത്തു. ഇന്ത്യയിലെ മിക്ക പ്രൊജക്ടുകളും വിഷന്‍ 2016 പദ്ധതി മുഖേനയാണ് നടപ്പിലാക്കിയത്. കനിവ്  പൊതുജനങ്ങളില്‍ നിന്നും മാസവരി കളക്ട് ചെയ്തുകൊണ്ട് 2000 ദിനാറോളം എല്ലാ മാസവും കുവൈത്തിലെ ജാതി മത ഭേദമന്യേ വിവിധങ്ങളായ ജീവകാരുണ്യ മേഖലകളില്‍ വിതരണം ചെയ്തു വരുന്നു.

Related Articles