Current Date

Search
Close this search box.
Search
Close this search box.

ഔഖാഫ് നല്‍കുന്ന ‘ഖുതുബ’ വായിക്കില്ലെന്ന് ഈജിപ്തിലെ അല്‍അസ്ഹര്‍

കെയ്‌റോ: ഈജിപ്തിലെ എല്ലാ മസ്ജിദുകളിലും ഔഖാഫ് നിര്‍ണയിക്കുന്ന ‘നേരത്തെ എഴുതി തയ്യാറാക്കപ്പെട്ട’ ഖുതുബയാണ് നടക്കേണ്ടതെന്ന തീരുമാനത്തിനെതിരെ ഈജിപ്തിലെ അല്‍അസ്ഹര്‍. ഔഖാഫ് തീരുമാന പ്രകാരം എല്ലാ മസ്ജിദുകളിലും ഒരേ ഖുതുബയാണ് വായിക്കപ്പെടേണ്ടത്. ‘ദേശീയ അഖണ്ഡതയും ഇസ്‌ലാമില്‍ ക്രിസ്ത്യാനികളുടെ അവകാശങ്ങളും’ എന്ന വിഷയത്തിലായിരിക്കും ഇന്ന് അല്‍അസ്ഹറിലെ മസ്ജിദില്‍ ഖുതുബ നടക്കുകയെന്ന് വ്യാഴാഴ്ച്ച വൈകിയിട്ട് അല്‍അസ്ഹര്‍ പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി. അല്‍അസ്ഹര്‍ പ്രൊഫസറായ ഡോ. മുഹമ്മദ് അബ്ദുല്‍ ആത്വിയായിരിക്കും പ്രസ്തുത ഖുതുബ നിര്‍വഹിക്കുക. അതേസമയം ഔഖാഫ് നല്‍കിയിരിക്കുന്ന ഖുതുബയുടെ വിഷയം ‘ശുചിത്വം; പരിഷ്‌കൃത മനുഷ്യന്റെ ഗുണം’ എന്നതാണ്.
എഴുതി തയ്യാറാക്കപ്പെട്ട ഖുതുബ വായിക്കണമെന്നതില്‍ നിന്ന് അല്‍അസ്ഹറിനെ ഒഴിവാക്കി കിട്ടുന്നതിനുള്ള സമ്മര്‍ദമാണിതെന്ന് ഒരു ഔഖാഫ് മന്ത്രാലയം ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. വൈകാരിക വിഷയമായതു കൊണ്ട് തന്റെ പേര്‍ വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് അനദോലു ന്യൂസിനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഔഖാഫ് നിലപാടിന് വിരുദ്ധമായ പൊതുജനാഭിപ്രായം ഉണ്ടാക്കാനാണ് അല്‍അസ്ഹര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എല്ലായിടത്തും എഴുതി തയ്യാറാക്കപ്പെട്ട ഒരേ ഖുതുബ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിക്കില്ലെന്ന് ഔഖാഫ് മന്ത്രി മുഹമ്മദ് മുഖ്താര്‍ ജുമുഅ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അങ്ങനെ നടത്തുന്നത് തെറ്റാണെന്ന് പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അല്‍അസ്ഹറിന് കീഴിലുള്ള പണ്ഡിതവേദി ഈ തീരുമാനത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. ‘എഴുതിതയ്യാറാക്കപ്പെട്ട ഖുതുബ’ അടിച്ചേല്‍പിക്കുന്നത് മതപരമായ അഭിസംബോധനകളെ മരവിപ്പിക്കലാണെന്നും പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടു.
ഖുതുബ വിഷയങ്ങള്‍ തെരെഞ്ഞെടുക്കുന്നതിനും തയ്യാറാക്കുന്നതിനും പ്രത്യേക പണ്ഡിത സമിതിയെ നിശ്ചയിക്കുമെന്ന് ഔഖാഫ് ഈദുല്‍ ഫിത്‌റിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ അന്ന് നല്‍കിയിരുന്നില്ല. ഔഖാഫ് നല്‍കുന്ന പ്രിന്റ് ചെയ്ത ഖുതുബ അതേപടി ഒരോ ഇമാമും മസ്ജിദിന്റെ മിമ്പറില്‍ നിന്ന് വായിക്കുകയാണ് പുതിയ തീരുമാനപ്രകാരം വേണ്ടത്. തീവ്രവാദ ആശയങ്ങളെയും വഴിവിട്ട ചിന്തകളെയും ഫലപ്രദമായി നേരിടുന്നതിന് മസ്ജിദുകളിലെ ഇമാമുമാര്‍ക്ക് വേണ്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍ ലഭ്യമാക്കുകയും പരിശീലനം നില്‍കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും അതിന് ഖതീബ് പ്രിന്റ് ചെയ്ത ഒരു കടലാസ് തുണ്ടിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബ് നേതൃത്വം നല്‍കുന്ന പണ്ഡിത സമിതി വ്യക്തമാക്കി. ഔഖാഫിന്റെ പുതിയ നിര്‍ദേശം ഖതീബുമാരുടെ ചിന്താശേഷിയെ ക്രമേണ ഇല്ലാതാക്കുമെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.

Related Articles