Current Date

Search
Close this search box.
Search
Close this search box.

ഓസ്ട്രിയയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ പ്രസ്താവന എഫ്.പി.ഒ പിന്‍വലിച്ചു

വിയന്ന: ഓസ്ട്രിയയിലെ വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി (എഫ്.പി.ഒ) മുസ്ലിം യൂത്ത് ഓസ്ട്രിയ (എം.ജി.ഒ)ക്കു നേരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പിന്‍വലിച്ചു. എം.ജി.ഒ ഇസ്ലാമിസ്റ്റ് സംഘടനയാണെന്ന വാദമാണ് ഫ്രീഡം പാര്‍ട്ടി ഉന്നയിച്ചിരുന്നത്. ഇതു സംബന്ധിച്ച കേസില്‍ അവരുടെ വാദം കോടതിയില്‍ തെളിയിക്കാനാവതെ വന്നതോടെയാണ് പ്രസ്താവന പിന്‍വലിച്ച് നഷ്ടപരിഹാരം നല്‍കാന്‍ സംഘടന തയാറായത്.

മുസ്ലിം യൂത്ത് ഓസ്ട്രിയ ഇസ്‌ലാമിക ആശയപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് നിരവധി തെളിവുകള്‍ ഉള്ളതായാണ് എഫ്.പി.ഒ ചെയര്‍മാന്‍ ഹെയ്ന്‍സ് ക്രിസ്റ്റ്യന്‍ കഴിഞ്ഞ ജൂണില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചിരുന്നത്. സംഘടനക്ക് ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്നും അവരുടെ കണ്ണിയില്‍പ്പെട്ടതാണെന്നും അദ്ദേഹം ആരോപണമുന്നയിച്ചിരുന്നു.

ഈ ആരോപണങ്ങള്‍ എഫ്.പി.ഒയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, മുസ്ലിം യൂത്ത് ഓസ്ട്രിയ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും ഫ്രീഡം പാര്‍ട്ടിക്കെതിരെയും ഹെയ്ന്‍സിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

വിയന്നയിലെ കൊമേഴ്‌സ്യല്‍ കോടതിക്കു മുമ്പാകെ നടന്ന നടപടിക്രമങ്ങള്‍ക്കിടെ എതിര്‍ കക്ഷിക്ക് തങ്ങളുടെ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഈ ആഴ്ചയാണ് ഒത്തുതീര്‍പ്പിലേക്കും നഷ്ടപരിഹാരം നല്‍കാനും അവര്‍ തയാറായത്. തുടര്‍ന്ന് പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു.

രാഷ്ട്രീയ ഇസ്ലാമുമായും മുസ്ലിം ബ്രദര്‍ഹുഡുമായും എം.ജി.ഒക്കും അതിന്റെ നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന് ചിലര്‍ മനപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഈ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും എം.ജി.ഒ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. തങ്ങള്‍ക്ക് ലഭിച്ച നഷ്ടപരിഹാരം ഓസ്ട്രിയയില്‍ വംശീയ വിവേചനത്തിനും ഇസ്ലാമോഫോബിയക്കും സെമിറ്റിക് വിരുദ്ധതക്കുമെതിരെ പോരാടുന്ന സംഘടനകള്‍ക്ക് നല്‍കുമെന്നും അവര്‍ അറിയിച്ചു. എഫ്.പി.ഒ നേരത്തെയും നിരവധി ഇസ്ലാം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഓസ്ട്രിയയിലെ വിദേശ,ആഭ്യന്തര,പ്രതിരോധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് എഫ.പി.ഒയുടെ നേതൃത്വത്തിലാണ്.

 

Related Articles