Current Date

Search
Close this search box.
Search
Close this search box.

ഒ.ഐ.സി റോഹിങ്ക്യന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നു

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥ ചര്‍ച്ച ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭയിലെ ഒ.ഐ.സി പ്രതിനിധി സംഘം യോഗം ചേര്‍ന്നു. റോഹിങ്ക്യന്‍ പ്രതിസന്ധിയിലെ സംഭവവികാസങ്ങളെ കുറിച്ച് വിവിധ മാധ്യമ വൃത്തങ്ങളില്‍ നിന്ന് സംഘം കേട്ടിട്ടുണ്ടെന്ന് ഒ.ഐ.സി ഞായറാഴ്ച്ച പുറത്തുവിട്ട പ്രസ്താവന പറഞ്ഞു. നിലവിലെ അവിടത്തെ അവസ്ഥയും അവര്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെയും പക്ഷപാതപരമായ അറസ്റ്റുകളെയും തടങ്കല്‍ കേന്ദ്രങ്ങളിലെ പീഡനങ്ങളും സഹായം എത്തിക്കുന്നതിനുള്ള തടസ്സങ്ങളും സംബന്ധിച്ച റിപോര്‍ട്ടുകള്‍ സംഘം മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രസ്താവന സൂചിപ്പിച്ചു.
മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കെതിരെയുള്ള വംശീയാതിക്രമങ്ങള്‍ തുടരുന്നുവെന്നാണ് ഐക്യരാഷ്ട്രസഭക്ക് ലഭിച്ചിട്ടുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വീടുകള്‍ ചുട്ടെരിക്കലും കൊലയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി യു.എന്‍ മനുഷ്യാവകാശ കമീഷനിലെ അംബാസഡര്‍ സെയ്ദ് റഅദ് അല്‍ഹുസൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. നൊബേല്‍ സമ്മാന ജേതാവായ ഓങ്‌സാന്‍ സൂകിയെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്. ദീര്‍ഘവീക്ഷണമില്ലാത്തതും വിപരീതഫലം ഉളവാക്കുന്നതും നിര്‍ദയമാര്‍ന്നതുമായ സമീപനമാണ് സൂകിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതര കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുശാസിക്കുന്ന ഭരണകൂട കടമകള്‍ മറന്ന് ഇരകള്‍ക്കുനേരെ അവഹേളനം നടത്തുകയാണ്. വടക്കന്‍ രാഖൈന്‍ സംസ്ഥാനത്ത് നടമാടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതില്‍നിന്ന് സ്വതന്ത്ര സംഘങ്ങളെ തടയുന്നതായും മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും റഅദ് അല്‍ഹുസൈന്‍ പറഞ്ഞു.

Related Articles