Current Date

Search
Close this search box.
Search
Close this search box.

ഒ.ഐ.സി ജനറല്‍ സെക്രട്ടറി ഇയാദ് മദനി രാജി വെച്ചു

ജിദ്ദ: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ ജനറല്‍ സെക്രട്ടറി ഇയാദ് മദനി രാജി വെച്ചു. ‘ആരോഗ്യപരമായ കാരണങ്ങള്‍’ ആണ് രാജിക്ക് പിന്നിലെന്നും സൗദി സാമൂഹിക കാര്യ മുന്‍ മന്ത്രി യൂസുഫ് ഉഥൈമീനെ തല്‍സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായും ഒ.ഐ.സി പ്രസ്താവന വ്യക്തമാക്കി. 2014ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട മദനി മുഴുവന്‍ അംഗരാഷ്ട്രങ്ങളെയും പരിഗണിക്കുന്നതിനും ആദരിക്കുന്നതിനും അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവന പറഞ്ഞു.
തുനീഷ്യയില്‍ നടന്ന ഒരു സമ്മേളനത്തില്‍ ഇയാദ് മദനി നടത്തിയ പ്രസ്താവന ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയെ അവഹേളിക്കുന്നതാണെന്ന് വ്യക്തമാക്കിയ ഈജിപ്ത് അതിനെ അപലപിച്ച് രണ്ട് ദിവസത്തിനകമാണ് അദ്ദേഹത്തിന്റ രാജിയെന്നത് ശ്രദ്ധേയമാണ്. തുനീഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ച്ച നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്ത മദനി തുനീഷ്യന്‍ പ്രസിഡന്റിന്റെ പേര് ബാജി ഖായിദ് സബ്‌സിയുടെ പേര് ബാജി ഖായിദ് സീസി എന്ന് തെറ്റായി ഉദ്ധരിച്ചിരുന്നു. പിന്നീട് അത് അബദ്ധമാണെന്ന് തിരുത്തിയ അദ്ദേഹം നിങ്ങളുടെ ഫ്രിഡ്ജുകളില്‍ വെള്ളം മാത്രമല്ല ഉള്ളതെന്ന് എനിക്കുറപ്പുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തന്റെ ഫ്രിഡ്ജില്‍ വെള്ളമല്ലാതെ മറ്റൊന്നുമില്ലെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഒരു യൂത്ത് കോണ്‍ഫറന്‍സില്‍ ഈജിപ്ത് പ്രസിഡന്റ് സീസി പറഞ്ഞിരുന്നു. രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയും ബാധിച്ചിട്ടുണ്ടെന്ന് കാണിക്കുന്നതിന് വേണ്ടിയായിരുന്നു സീസിയുടെ ഈ പരാമര്‍ശം. ഇയാദ് മദനിയുടെ പരാമര്‍ശം ‘സീസിയുടെ ഫ്രിഡ്ജ്’ എന്ന പേരിലാണ് മാധ്യമങ്ങളില്‍ അറിയപ്പെട്ടത്.
വിവാദത്തെ തുടര്‍ന്ന് മദനി തന്റെ പ്രസ്താവനയില്‍ ക്ഷമാപണം നടത്തുകയും അത് തമാശ രൂപേണെ പറഞ്ഞതാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ പ്രസിഡന്റിനോടുള്ള അവഹേളനമായി കണ്ട ഈജിപ്ത് ഒ.ഐ.സി സെക്രട്ടറിയേറ്റിനോടും അതിന്റെ ജനറല്‍ സെക്രട്ടറിയോടുമുള്ള നിലപാടില്‍ പുനരാലോചന നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
സൗദി ഹജ്ജ് മന്ത്രി, സാംസ്‌കാരിക മാധ്യമ മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച മദനി 2014ല്‍ അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഓഗ്‌ലുവിന്റെ പിന്‍ഗാമിയായിട്ടാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദിയില്‍ 57 രാഷ്ട്രങ്ങളാണ് അംഗങ്ങളായിട്ടുള്ളത്. മുഴുവന്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളും അതിന്റെ ഭാഗമല്ലെങ്കിലും ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക കൂട്ടായ്മ ഇതു തന്നെയാണ്. ഒ.ഐ.സിയുടെ സ്ഥാപക അംഗങ്ങളില്‍ ഒന്നാണ് ഈജിപ്ത്. ഇസ്രയേലുമായി സമാധാന ഉടമ്പടിയുണ്ടാക്കിയതിനെ തുടര്‍ന്ന് 1979 മേയ് മുതല്‍ 1984 മാര്‍ച്ച് വരെ ഈജിപ്തിന്റെ അംഗത്വം ഒ.ഐ.സി മരവിപ്പിച്ചിരുന്നു.

Related Articles