Current Date

Search
Close this search box.
Search
Close this search box.

ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും തളരാതെ ഫലസ്തീന്‍ അഭയാര്‍ത്ഥി എവറസ്റ്റ് കയറുന്നു

അമ്മാന്‍: ക്യാന്‍സര്‍ മൂലം ഒരു കാല്‍ മുറിച്ചുമാറ്റേണ്ടി വന്നിട്ടും ജീവിത യാത്രകളില്‍ തളരാതെ മുന്നോട്ടു പോവുകയാണ് ജറാഹ് അല്‍ഹവാമദ് എന്ന ഫലസ്തീന്‍ യുവാവ്. പരിമിതികള്‍ക്ക് മുന്നില്‍ പതറാതെ തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യാത്രയില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയാണ് ജറാഹ്.

ജോര്‍ദാനില്‍ കഴിയുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥിയാണ് 22ഉകാരനായ ജറാഹ്. ഒറ്റക്കാലുകൊണ്ട് എവറസ്റ്റ് പര്‍വതനിരകള്‍ കീഴടക്കാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്. വെറുതെ കയറുകയല്ല, ജോര്‍ദാനിലെ അടച്ചുപൂട്ടിയ സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതിക്കായി പണം സ്വരൂപിക്കാനും മറ്റു സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി.

അസ്ഥിക്ക് ക്യാന്‍സര്‍ പിടിപെട്ടതോടെയാണ് ജറാഹിന് തന്റെ ഇടതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നത്. പകരം സ്ഥാപിച്ച കൃത്രിമ കാല്‍ ഉപയോഗിച്ചായിരുന്നു പിന്നീടങ്ങോട്ടുള്ള ജീവിത യാത്ര. ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരകളായ എവറസ്റ്റ് കൊടുമുടി കയറാനുള്ള തയാറെടുപ്പിലാണിദ്ദേഹം. തനിക്ക് വിദ്യാഭ്യാസം നല്‍കിയ സ്‌കൂളുകളുടെ പുനരുദ്ധാരണത്തിന് പണം കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ജോര്‍ദാനിലെ യു.എന്നിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ജൂഫ് സ്‌കൂള്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രയാസമനുഭവിക്കുകയാണ്. 750ഓളം ഫലസ്തീന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്കായി പണം കണ്ടെത്തുകയാണ് ലക്ഷ്യം, അദ്ദേഹം പറഞ്ഞു. നേപ്പാള്‍-ചൈന അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതിചെയ്യുന്നത്. 8848 മീറ്ററാണ് ഇതിന്റെ ഉയരം. ഇതിനോടകം 5100 മീറ്റര്‍ കയറിയ ജറാഹ് ഉടന്‍ തന്നെ ലക്ഷ്യസ്ഥാനത്തെത്തിയേക്കും.

അസാധ്യമായത് ഒന്നുമില്ല,എല്ലാം സാധ്യമാണെന്ന് ഞാന്‍ ഇതിലൂടെ തെളിയിക്കുമെന്നും ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്നും ജറാഹ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ക്യാന്‍സര്‍ ഇരകള്‍ക്കുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ആഫ്രിക്കയിലെ കിളിമഞ്ചാരോ പര്‍വത നിരകള്‍ അദ്ദേഹം കയറിയിരുന്നു.

 

Related Articles