Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് വേട്ടയുടെ മറവില്‍ ഇസ്‌ലാം ഭീതി വളര്‍ത്തരുത്: സോളിഡാരിറ്റി

കോഴിക്കോട്: ഐ.എസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ മറവില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ചിലരുടെ ബോധപൂര്‍വമായ ശ്രമത്തെ സമൂഹം ജാഗ്രതയോടെ കാണണമെന്ന് സോളിഡാരിറ്റി സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ കാണാതായ ചെറുപ്പക്കാരെക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി സര്‍ക്കാര്‍ പുറത്തുകൊണ്ടുവരണം. ഇവര്‍ ഐ.എസില്‍ ചേര്‍ന്നതാണോ അതല്ല തീവ്രആത്മീയ ജീവിതത്തിന് വേണ്ടി പാലായനം ചെയ്തതാണോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും ദുരൂഹമായിതന്നെ നിലനില്‍ക്കുകയാണ്. ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അന്തിമ റിപ്പോര്‍ട്ട് വരുംമുമ്പെ മാധ്യമ വിചാരണ നടത്തി മുസ്‌ലിം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നത് ശരിയല്ല. ലോകപ്രശസ്തനായ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. സാകിര്‍ നായിക് ഇത്തരമൊരു മാധ്യമ വിചാരണയുടെ ഒടുവിലത്തെ ഇരയാണ്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിനും മുസ്‌ലിം ഭീതിക്കും കാരണമാവുന്ന തരത്തില്‍ വമ്പിച്ച മാധ്യമവിചാരണ നേരത്തെ ലൗജിഹാദ്, യതീംഖാന തുടങ്ങിയ വിവാദ കാലത്ത് കേരളത്തില്‍ നടന്നിട്ടുണ്ട്. ഐ.എസ് സാമ്രാജ്യത്വ ശക്തികളുടെ തന്നെ സൃഷ്ടിയാണ് എന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഐ.എസ്. ബന്ധം ആരോപിച്ച് മുസ്‌ലിംകളുടെ മുന്‍കൈയില്‍ നടക്കുന്ന സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശ്രമം തിരിച്ചറിയപ്പെടണം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, സംസ്ഥാന സെക്രട്ടറി ഹമീദ് സാലിം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles