Current Date

Search
Close this search box.
Search
Close this search box.

ഐക്യസര്‍ക്കാറിനെ സ്വീകരിക്കാന്‍ ഹമാസ് തയ്യാര്‍: ഹനിയ്യ

ഗസ്സ: ഫലസ്തീന്‍ അനുരഞ്ജനത്തിലും വിയോജിപ്പ് അവസാനിപ്പിക്കുന്നതിലും ഹമാസ് സുപ്രധാനമായ കാല്‍വെപ്പ് നടത്തിയതായി ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ പ്രഖ്യാപിച്ചു. ഗസ്സയില്‍ ഐക്യസര്‍ക്കാറിനെ സ്വീകരിക്കാനും അതിന്റെ ദൗത്യത്തെ അംഗീകരിക്കാനും ഹമാസ് തയ്യാറായതായും അദ്ദേഹം വ്യക്തമാക്കി. ഈജിപ്ത് സന്ദര്‍ശനത്തിന് ശേഷം റഫ അതിര്‍ത്തിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. ഈജിപ്ത് നേതൃത്വവുമായി രാഷ്ട്രീയകാര്യങ്ങള്‍, ഉഭയകക്ഷി ബന്ധങ്ങള്‍, സുരക്ഷ, ഗസ്സ, ഖുദ്‌സിലെ സ്ഥിതി തുടങ്ങിയ പ്രധാനപ്പെട്ട അഞ്ച് വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഫതഹിനും ഹമാസിനും ഇടയിലുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ ദിവസങ്ങള്‍ക്കകം ഈജിപ്തിലേക്ക് വീണ്ടും വരാന്‍ തങ്ങള്‍ തയ്യാറാണെന്നും ഈ നീക്കങ്ങള്‍ വിജയിപ്പിക്കാനുള്ള ഹമാസിന്റെ താല്‍പര്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു. ആത്മാര്‍ഥമായും നിശ്ചയദാര്‍ഢ്യത്തോടെയും അനുരഞ്ജനത്തിനായി ഞങ്ങള്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2017 മെയ് 7ന് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഹനിയ്യ കെയ്‌റോ സന്ദര്‍ശിക്കുന്നത്. ഹനിയ്യ മഹ്മൂദ് അബ്ബാസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അനുരഞ്ജനം യാഥാര്‍ഥ്യമാക്കാനുള്ള സന്നദ്ധത അദ്ദേഹത്തിന് ഉറപ്പുനല്‍കിയതായും റിപോര്‍ട്ട് സൂചിപ്പിച്ചു. ഗസ്സയിലെ ഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ടെന്നും ഗസ്സ നിവാസികള്‍ക്കെതിരെയുള്ള നടപടികള്‍ അബ്ബാസ് അവസാനിപ്പിക്കുമെന്നും ഹനിയ്യ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles