Current Date

Search
Close this search box.
Search
Close this search box.

ഐഎസിനേക്കാള്‍ അപകടകാരി ഇറാന്‍ ഭീകരത: നെതന്യാഹു

മോസ്‌കോ: ഐഎസും അല്‍ഖാഇദയും ഉയര്‍ത്തുന്ന ഭീകരതയുടെ സ്ഥാനത്ത് ഇറാന്റെ ഭീകരത സ്ഥാനം പിടിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ‘ഭീകരതക്കെതിരായ പോരാട്ടത്തില്‍’ തന്റെ രാജ്യത്തിനും റഷ്യക്കും ഇടയിലെ സഹകരണത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചക്ക് മോസ്‌കോയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഭീകരതക്കെതിരെയുള്ള സംയുക്ത പോരാട്ടം നമ്മെ ഒന്നിപ്പിച്ചിരിക്കുകയാണെന്ന് റഷ്യ-ഇസ്രയേല്‍ സഹകരണത്തെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഐഎസ്, അല്‍ഖാഇദ എന്നീ രണ്ട് ഭീകരസംഘടനകള്‍ക്കെതിരായ പോരാട്ടത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം സാധ്യമായിട്ടുണ്ട്. ഐഎസിന്റെയും അല്‍ഖാഇദയുടെയും ഭീകരതയുടെ സ്ഥാനത്ത് ഇറാന്‍ ഭീകരത ഇടം പിടിക്കുന്നത് നാം താല്‍പര്യപ്പെടുന്നില്ല. അതിനുള്ള ശക്തമായ ശ്രമങ്ങള്‍ ഇറാന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാവുന്നുണ്ട്. ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരത ഇസ്രയേലിന് മാത്രമല്ല, ലോകത്തിന് ഒന്നടങ്കം ഭീഷണിയാണ്. എന്നും നെതന്യാഹു പറഞ്ഞു.
സിറിയയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാവുന്നതിനെ എതിര്‍ക്കില്ലെന്നും എന്നാല്‍ ഇറാന്റെ സായുധ സേനയുടെയും അതിനൊപ്പമുള്ളവരുടെയും ഒത്തുതീര്‍പ്പാണ് അവിടെ നടക്കാന്‍ പോകുന്നതെങ്കില്‍ സാധ്യമായത്ര ശക്തമായി അതിനെ എതിര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞതായി മോസ്‌കോയിലെ അല്‍ജസീറ റിപോര്‍ട്ടര്‍ സാഉല്‍ ഷൂഗ് പറഞ്ഞു. ഇസ്രയേല്‍ സൈനികരായ ആരോണ്‍ ഷാഉലിന്റെയും ഹദാര്‍ ഗോള്‍ഡന്റെയും മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ നെതന്യാഹു റഷ്യന്‍ പ്രസിഡന്റിന്റെ സഹായം തേടിയിട്ടുണ്ട്. 2014ലെ ഇസ്രയേലിന്റെ ഗസ്സാ ആക്രമണ സമയത്താണ് ഇരു സൈനികരും കൊല്ലപ്പെട്ടത്. രണ്ട് ഇസ്രയേല്‍ സൈനികര്‍ക്കൊപ്പം ഈ സൈനികരുടെ മൃതദേഹങ്ങളും ഹമാസ് തടഞ്ഞുവെച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ പുടിന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles