Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍ കോഡ്; നിയമ കമ്മീഷനുമായി സഹകരിക്കില്ലെന്ന് കാന്തപുരം

കോഴിക്കോട്: ഏക സിവില്‍ കോഡിന് രൂപംനല്‍കുന്നതിന് കേന്ദ്ര നിയമ കമീഷന്‍ ആരംഭിച്ചിരിക്കുന്ന സര്‍വേ നടപടികളുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന പൗരസമൂഹത്തെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുത്തലാഖ്, ബഹുഭാര്യത്വ വിഷയങ്ങളില്‍ മുന്‍ കേന്ദ്രസര്‍ക്കാറുകള്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായി സുപ്രീംകോടതിയില്‍ മോദിസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് പൊതു സിവില്‍ കോഡിനു വേണ്ടിയുള്ള സര്‍ക്കാറിന്റെ അനാവശ്യ ധിറുതിനിറഞ്ഞ നീക്കവുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. വ്യക്തിനിയമങ്ങള്‍ ഓരോ മതസമുദായത്തിന്റെയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയമാണെന്നിരിക്കെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള ഏതുനീക്കവും ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്‌നമായ കൈയറ്റമായാണ് വിലയിരുത്തപ്പെടുക. എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്ര നിയമ കമീഷനുമായി ബന്ധപ്പെട്ട നടപടികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് പിന്തുണ നല്‍കുന്നതായി ഐ.എന്‍.എല്‍ അഖിലേന്ത്യ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാനും ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും അറിയിച്ചു. മുസ്‌ലിം വ്യക്തിനിയമത്തില്‍ പ്രത്യേകമായി ഇടപെടാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ ഹിന്ദുത്വം വിഭാവനം ചെയ്യുന്ന മതരാഷ്ട്രം ലക്ഷ്യമിട്ടാണ്. അപലപനീയമായ ഈ നീക്കത്തിനെതിരെ മതേതര ശക്തികള്‍ ഒരുമിക്കണം. മുത്തലാക്ക്, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഏക സിവില്‍കോഡിനെതിരായ പോരാട്ടത്തില്‍ മുസ്‌ലിം സമുദായത്തോടൊപ്പം സിഖുകാരും ദലിതുകള്‍ ഉള്‍പ്പെടെ പിന്നോക്ക വിഭാഗങ്ങളും രംഗത്തുവരും.  ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ കൂടുതല്‍ വസിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം സമുദായത്തെയും വിദ്യാസമ്പന്നരെയും ലക്ഷ്യമാക്കി ദേശീയ അന്വേഷണ ഏജന്‍സിയും പൊലീസും നടത്തുന്ന തെറ്റായ നടപടികള്‍ അവസാനിപ്പിക്കണം. കേന്ദ്രസര്‍ക്കാറിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും ഒളി അജണ്ടകള്‍ക്ക് അന്വേഷണ ഏജന്‍സികളും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കരുതെന്നും ഐ.എന്‍.എല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles