Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍ കോഡിനെതിരെ സൂറത്തില്‍ മുസ്‌ലിം സ്ത്രീകളുടെ വന്‍ റാലി

സൂറത്ത്: ഏക സിവില്‍ കോഡിനെതിരെ ഗുജറാത്തിലെ സൂറത്തില്‍ 25000 ഓളം മുസ്‌ലിം സ്ത്രീകള്‍ അണിനിരന്ന കൂറ്റന്‍ റാലി. ഓള്‍ മുസ്‌ലിം സമാജിന്റെ ആഭിമുഖ്യത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. ലിംബായത്, ഉധ്‌ന,റാന്ദര്‍, അദജാന്‍ തുടങ്ങിയ നഗരത്തില്‍ നിന്നുമുള്ള സ്ത്രീകളായിരുന്നു പ്രധാനമായും റാലിയില്‍ പങ്കെടുത്തത്. വ്യക്തി നിയമത്തില്‍ യാതൊരുവിധത്തിലുള്ള ഇടപെടലും മുസ്‌ലിം സ്ത്രീകള്‍ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കുന്ന അവകാശ പത്രിക റാലിക്ക് ശേഷം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
ശരീഅത്ത് എന്നത് മുസ്‌ലിം സ്ത്രീയുടെയും പുരുഷന്റെയും ജീവവായുവാണ്. അതില്‍ മാറ്റം വരുത്താനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നും വ്യക്തി നിയമത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുന്നതിനെ ഞങ്ങള്‍ അംഗീകരിക്കുകയില്ലെന്നും റാലിയില്‍ പങ്കെടുത്ത ലിംബായത് സ്വദേശിനിയും വീട്ടമ്മയുമായ ഹുമേരിയ ശൈഖ് പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ മുസ്‌ലിം സ്ത്രീകളുടെ പിന്തുണ തേടി നഗരത്തില്‍ ഒപ്പു ശേഖരണ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.  മുസ്‌ലിം വ്യക്തി നിയമത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച്ചക്ക് സന്നദ്ധമല്ല എന്ന കേന്ദ്രസര്‍ക്കാറിനുള്ള വ്യക്തമായ സന്ദേശമാണ് കാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ തോതിലുള്ള പിന്തുണ വ്യക്തമാക്കുന്നതെന്ന് ഓള്‍ മുസ്‌ലിം സമാജ് അംഗം മഖ്‌സൂദ് ബേഗ് മിര്‍സ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles