Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍കോഡ്: സമസ്ത ഒപ്പ് ശേഖരണത്തിന് വന്‍ പ്രതികരണം

ചേളാരി: ഏക സിവില്‍കോഡിനെതിരെ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രഖ്യാപിച്ച ഒപ്പുശേഖരണത്തിന് വന്‍ പ്രതികരണം. ഇസ്‌ലാമിക ശരീഅത്തിന്റെ എല്ലാ നിയമങ്ങളും വിശിഷ്യാ വിവാഹം, വിവാഹ മോചനം, അനന്തരവകാശം മുതലായ വ്യക്തിനിയമങ്ങള്‍ സമ്പൂര്‍ണമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അതില്‍ യാതൊരു വിധ ഭേദഗതിയുടെയും ആവശ്യമില്ല, ഭാരതത്തില്‍ എല്ലാ മതസ്ഥര്‍ക്കും പരിപൂര്‍ണ മത സ്വാതന്ത്ര്യം ഭരണഘടന നല്‍കിയിരിക്കുന്നു, ആകയാല്‍ ഒരു നിലക്കും ഞങ്ങള്‍ ഏക സിവില്‍കോഡിനെ അംഗീകരിക്കുന്നതല്ല, ശരീഅത്ത് നിയമങ്ങളുടെ സംരക്ഷണത്തിന് ഞങ്ങള്‍ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ പിന്തുണക്കുന്നു എന്നീ കാര്യങ്ങള്‍ രേഖപ്പെടുത്തിയാണ് പൊതുസമൂഹത്തില്‍ നിന്നും ഒപ്പുകള്‍ ശേഖരിച്ചത്.
സംസ്ഥാന തല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് തന്റെ ഒപ്പ് രേഖപ്പെടുത്തി നിര്‍വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ. ചേളാരി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം ചുഴലി എന്നിവര്‍ സംബന്ധിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികളും സംഘടനാ പ്രവര്‍ത്തകരും പ്രത്യേകം ഹെല്‍പ് ഡസ്‌ക്കുകള്‍ സ്ഥാപിച്ചും ഗൃഹ സന്ദര്‍ശനം നടത്തിയുമാണ് പൊതുജനങ്ങളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചത്. കക്ഷി-രാഷ്ട്രീയ-മത ഭേദമന്യെ സര്‍വരും ഒപ്പു ശേഖരണത്തില്‍ പങ്കാളികളായി.

Related Articles