Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടതിനെ പുറകെ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികളും രംഗത്ത് വന്നിരിക്കുകയാണ്. ഏക സിവില്‍കോഡ് ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ നിയമമന്ത്രിയുമായ വീരപ്പ മൊയ്‌ലി അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാര്‍ ഇതിലൂടെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് ജനതാദള്‍യു നേതാവ് അലി അന്‍വര്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും ഒരു നിയമം അടിച്ചേല്‍പിച്ച് സാംസ്‌കാരിക വൈവിധ്യം ഇല്ലാതാക്കാനുള്ള നീക്കം ഇന്ത്യയില്‍ നടക്കില്ലെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് മൗലാന അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
അതേസമയം, ദേശീയ നിയമ കമീഷന്‍ പുറത്തിറക്കിയ ചോദ്യാവലി രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ആദ്യ നടപടിയാണെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ അറിയിച്ചു. നിയമ കമീഷന്‍ ഇപ്പോള്‍ തുടങ്ങിയ നടപടി ഏക സിവില്‍കോഡ് നടപ്പാക്കുകയെന്ന കേന്ദ്ര സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമാണെന്നും എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി ഇപ്പോള്‍ നിലപാട് പരസ്യമാക്കിയിട്ടില്‌ളെന്നും പ്രമുഖ ബി.ജെ.പി നേതാവ് പറഞ്ഞു. അതേസമയം, മുത്തലാഖ് കേസില്‍ പാര്‍ട്ടി നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതെന്ന് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.
ഇന്ത്യയില്‍ നിരവധി സംസ്‌കാരങ്ങളുണ്ട് അവ ബഹുമാനിക്കേണ്ടതാണ്. ഓരോരുത്തരുടെയും മതത്തിനനുസരിച്ച് അവരെ ജീവിക്കാന്‍ അനുവദിക്കണം. അമേരിക്കയിലുള്ളവരെല്ലാം അവരുടെ വ്യക്തി നിയമങ്ങള്‍ക്കനുസരിച്ചും സ്വത്വമനുസരിച്ചുമാണ് ജീവിക്കുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം എന്തുകൊണ്ടാണ് അമേരിക്കയെ പിന്തുടരാത്തതെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി വലി റഹ്മാനി പറഞ്ഞു. മുസ്‌ലിംകളും സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വിലകുറച്ചാണ് കാണുന്നതെന്ന്. നിയമ കമ്മീഷന്‍ നിയമവിരുദ്ധമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ചോദ്യാവലി ബഹിഷ്‌കരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏക സിവില്‍കോഡ് നിയമ കമീഷന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍
ഏക സിവില്‍കോഡിന്റെ കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയ നിയമ കമീഷന്‍ 16 ചോദ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

•ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദം പറയുന്നുവെന്നിരിക്കെ ഈ വിഷയത്തില്‍ തുടര്‍നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ?
•വിവിധ സമുദായങ്ങള്‍ക്ക് വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഏക സിവില്‍കോഡിന്റെ പരിധിയില്‍ വരേണ്ടതുണ്ടോ?
•നിലവിലെ വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ജനത്തിന് പ്രയോജനപ്രദമായ വിധത്തില്‍ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ?
•വ്യക്തിനിയമങ്ങള്‍ സംയോജിപ്പിക്കുന്നതുവഴി ലിംഗസമത്വം ഉറപ്പുവരുത്താമെന്ന് കരുതുന്നുണ്ടോ?
•ഏക സിവില്‍കോഡ് ഐച്ഛികമാക്കേണ്ടതുണ്ടോ?
•ബഹുഭാര്യത്വവും സമാനമായരീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ?
•മുത്തലാഖ് പൂര്‍ണമായി നിരോധിക്കുകയോ നിലനിര്‍ത്തുകയോ ഭേദഗതിയോടെ നിലനിര്‍ത്തുകയോ വേണ്ടതുണ്ടോ?
•ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തില്‍ കൂടുതല്‍ അവകാശം ഉറപ്പുവരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ?
•വിവാഹമോചനം ഉറപ്പിക്കാന്‍ രണ്ടുവര്‍ഷ സമയം നല്‍കുന്നത് ക്രിസ്ത്യന്‍ വനിതകള്‍ക്ക് തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമായി കാണുന്നുണ്ടോ?
•എല്ലാ വ്യക്തിനിയമങ്ങള്‍ക്കും ഏകീകൃത വിവാഹ സമ്മതപ്രായം വേണമെന്ന് കരുതുന്നുണ്ടോ?
•എല്ലാ സമുദായങ്ങള്‍ക്കും വിവാഹമോചനത്തിന് പൊതുവായ കാരണം ഉണ്ടായിരിക്കണമെന്ന് കരുതുന്നുണ്ടോ?
•വിവാഹ മോചനം നേടുന്ന സ്ത്രീക്ക് ജീവനാംശം നിഷേധിക്കപ്പെടുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഏക സിവില്‍കോഡ് സഹായിക്കുമോ?
•വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനെ നടപ്പാക്കാം?
•ഭിന്ന ജാതിസമുദായങ്ങളില്‍പെടുന്ന ദമ്പതികളുടെ  സംരക്ഷണത്തിന് എന്തെല്ലാം നടപടി എടുക്കണം?
•മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തിയുടെ അവകാശം ഹനിക്കുന്നതാണ് ഏക സിവില്‍ കോഡ് എന്ന് കരുതുന്നുണ്ടോ?
•വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിലേക്ക് സമൂഹത്തെ ബോധവത്കരിക്കാന്‍ എന്തൊക്കെ നടപടികള്‍ ആവശ്യമുണ്ട്?

ഇക്കാര്യങ്ങളില്‍ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകള്‍, സാമൂഹിക സംഘങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുസമൂഹ സംരംഭകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് അഭിപ്രായം അറിയിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാവി കൂടിക്കാഴ്ചകള്‍ നടക്കും.

Related Articles