Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍കോഡിന് പിന്നില്‍ സംഘ്പരിവാറിന്റെ ദുരുദ്ദേശ്യം: പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഏക സിവില്‍കോഡ് ബഹുസ്വരതക്ക് എതിരും മതപരമായ അടിത്തറകളെ തകര്‍ക്കാനുള്ള നീക്കവുമാണെന്ന് മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അപ്രതീക്ഷിതമായ ഇത്തരമൊരു ചര്‍ച്ച ഉയര്‍ത്തിയതിനു പിന്നില്‍ ബി.ജെ.പിയുടെയും  സംഘ്പരിവാറിന്റെയും രാഷ്ട്രീയവും ദുരുദ്ദേശ്യവുമാണ് വ്യക്തമാകുന്നത്. അപകടകരമായ ഈ അജണ്ട തിരിച്ചറിയുകയും ഇതിനെതിരെ മതേതര ജനാധിപത്യ ശബ്ദങ്ങള്‍ ഉയരുകയും വേണം. ഏക സിവില്‍കോഡ് വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ ആവശ്യം വരുമ്പോള്‍ വര്‍ഗീയത ഉപയോഗിക്കുകയാണ്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കു പിന്നില്‍ യു.പിയിലേതടക്കം തെരഞ്ഞെടുപ്പുകളാണ്. ദാരിദ്ര്യനിര്‍മാര്‍ജനമടക്കം അടിസ്ഥാനപ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതിനെ അവഗണിച്ച് ഇത്തരമൊരു ചര്‍ച്ച ഉയര്‍ത്തുന്നത് ദുരുദ്ദേശ്യത്തോടെയാണ്. ഏക സിവില്‍കോഡ് നിയമം മൂലം അടിച്ചേല്‍പിക്കാനുള്ള നീക്കം അപ്രായോഗികവും ഭരണഘടനയുടെ അടിസ്ഥാന സമീപനങ്ങള്‍ക്ക് എതിരുമാണ്. ഏക സിവില്‍കോഡിനെ മുസ്‌ലിംകളും മുസ്‌ലിം സംഘടനകളും മാത്രമല്ല, പുറത്തുള്ളവരും പിന്തുണക്കുന്നില്ല. പരിഷ്‌കരണം ബന്ധപ്പെട്ട സമുദായവുമായി ചര്‍ച്ചചെയ്ത് നടപ്പാക്കുകയാണ് വേണ്ടത്. അടിത്തറ അപകടത്തിലാക്കുന്ന നീക്കങ്ങള്‍ നടക്കുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞ് മാറി നിന്നിട്ട് കാര്യമില്ല. തീവ്രവാദ പ്രവണതകള്‍ എതിര്‍ക്കണം. അതേസമയം, തീവ്രവാദത്തെ ആയുധമാക്കി നിരപരാധികളെ തല്ലിയൊതുക്കാനുള്ള നീക്കം ചെറുക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക സിവില്‍കോഡ് മതേതരത്വത്തെയും ഐക്യത്തെയും ക്ഷീണിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍ പറഞ്ഞു. മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ മൗലവി അധ്യക്ഷത വഹിച്ചു. മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം. നജീബ് സ്വാഗതം പറഞ്ഞു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ, അഡ്വ. എ. അബ്ദുല്‍കരീം, കായിക്കര ബാബു, മൗലവി വി.പി. സുഹൈബ്, പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കരമന അഷ്‌റഫ് മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, സഈദ് മൗലവി, എച്ച്. ഷഹീര്‍ മൗലവി, എം.എം. മാഹീന്‍, ബീമാപള്ളി റഷീദ്, കരമന ബയാര്‍, അല്‍ അമീന്‍, റഷീദ് മദനി, പാനിപ്ര ഇബ്രാഹീം മൗലവി, നാസറുദ്ദീന്‍ ഫാറൂഖി, ഡോ. അമര്‍, ഇബ്രാഹീം മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് ബല്‍യ അല്‍ റഷാദി ഖിറാഅത്ത് നടത്തി. പി.എം. പരീത് ബാവാഖാന്‍ നന്ദി പറഞ്ഞു.

Related Articles