Current Date

Search
Close this search box.
Search
Close this search box.

ഏകസിവില്‍കോഡ്: വര്‍ഗീയ ധ്രുവീകരണത്തിനുള്ള കുത്സിത നീക്കം

യാമ്പു : ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്ത് ബഹുസ്വരത തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള കുത്സിത ശ്രമങ്ങള്‍ക്കുള്ള മുന്നോടിയാണെന്ന് യാമ്പു ഗൈഡന്‍സ് സെന്ററും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി ‘ഏക സിവില്‍കോഡും മുസ്‌ലിം ശരീഅത്തും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജനകീയ സ്‌നേഹ സംഗമം അഭിപ്രായപ്പെട്ടു. യാമ്പുവിലെ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യാമ്പു ടൗണിലെ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി പ്രവാസി സംഘടനാ നേതാക്കളുടെയും നൂറു കണക്കിനാളുകളുടെയും നിറഞ്ഞ സാന്നിധ്യത്താല്‍ ശ്രദ്ധേയമായിരുന്നു. വിവിധ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന വ്യത്യസ്ത ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് സര്‍വ്വ മതവിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള ഏക സിവില്‍ കോഡ് സാധ്യമാകില്ല. ഇന്ത്യയുടെ ആഭ്യന്തര ഭദ്രതക്കും ദേശീയ ഐക്യത്തിനും മതേതര സ്വാഭാവത്തിനും ഇത് ഒട്ടും ചേര്‍ന്നതല്ല. അതിനാല്‍ തന്നെ മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന പൗരസമൂഹത്തെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്ന ഈ നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിയണമെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. അലി ശാക്കിര്‍ മുണ്ടേരി വിഷയമവതരിപ്പിച്ചു. ഓരോ പൗരനും സ്വന്തം മത വിശ്വാസം അനുസരിച്ച് ജീവിക്കാനും വ്യക്തി നിയമങ്ങള്‍ അനുവര്‍ത്തിക്കാനുമുള്ള മൗലികാ വകാശം നമ്മുടെ ഭരണ ഘടന അനുവദിച്ചു തരുന്നുണ്ടെന്നും ഇതിന്റെ പ്രകടമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം മുസ്‌ലിങ്ങള്‍ക്ക് നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. ശരീഅത്തിന്റെ പ്രാമാണിക നില പാടുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ ജനകീയ കൂട്ടാ യ്മകള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യാമ്പു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് സുഹ്‌രി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യാമ്പു ജാലിയാത്ത് അസി. മുദീര്‍ ശൈഖ് അല്‍ ഉതൈബി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് നാസര്‍ നടുവില്‍ (കെ.എം.സി.സി ), അഷ്‌ക്കര്‍ വണ്ടൂര്‍ (ഒ. ഐ.സി.സി ), അഡ്വ. ജിദേശ് (നവോദയ),സലിം വേങ്ങര ( തനിമ), നൂര്‍ ദാരിമി (എസ്.കെ.ഐ.സി), ഷൈജു എം സൈനുദ്ദീന്‍ (സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ), എ.പി .മുഹമ്മദ് ഇബ്‌റാഹീം ( ഗ്രേയ്‌സ്), ഹുസൈന്‍ മദനി (ഐ. എഫ് .എഫ്), ഷാനിബ് സ്വലാഹി (വിസ്ഡം ഗ്ലോബല്‍ വിഷന്‍), ശങ്കര്‍ എളങ്കൂര്‍ എന്നിവര്‍ സംസാരിച്ചു. രാജ്യത്തെ ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ക്കെതിരെ ജാഗ്രതപാലിക്കാന്‍ തയ്യാറാവണമെന്ന് ജനകീയ സ്‌നേഹ സംഗമം പൊതു സമൂഹത്തോട് ആഹ്വാനം ചെയ്തു. അബൂബക്കര്‍ മേഴത്തൂര്‍ സ്വാഗതവും ബഷീര്‍ പൂളപ്പൊയില്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ അസീസ് കാവുമ്പുറം,നിയാസ് പുത്തൂര്‍, അലി അഷ്‌റഫ് കൊണ്ടോട്ടി, ശംസുദ്ദീന്‍ കൊല്ലം, മുസ്തഫ പട്ടാമ്പി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles