Current Date

Search
Close this search box.
Search
Close this search box.

എല്ലാ അര്‍ത്ഥത്തിലും ചരിത്രപരമായ സന്ദര്‍ശനമാണ് ട്രംപിന്റേത്: സൗദി മന്ത്രി

റിയാദ്: ഈ മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സൗദി സന്ദര്‍ശനം എല്ലാ അര്‍ത്ഥത്തിലും ചരിത്രപരമായ ഒന്നായിരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ദ്വിരാഷ്ട്ര ഉച്ചകോടിയും ജി.സി.സിയുമായുള്ള ഉച്ചകോടിയും അറബ് മുസ്‌ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയും ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്നും സൗദി മന്ത്രി വിശദീകരിച്ചു. യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന് അമേരിക്ക നല്‍കുന്ന പിന്തുണയിലുണ്ടായ വര്‍ധനവ് ഒന്നാം നാള്‍ മുതല്‍ തന്നെ ശ്രദ്ധേയമാണെന്നും സൗദിയുമായുള്ള മിസൈല്‍ ഇടപാടിന്റെ കാര്യത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ബില്യണിലേറെ ഡോളറിന്റെ ആയുധ വ്യാപാരം നടക്കുമെന്നാണ് പല കേന്ദ്രങ്ങളും വെളിപ്പെടുത്തുന്നത്.
മിഡിലീസ്റ്റിലെ സമാധാനത്തിന് പുതിയ രീതിയാണ് ട്രംപ് സ്വീകരിക്കുന്നതെന്നും വലിയ വിജയ സാധ്യതയുള്ള ഒന്നാണ് അതെന്നും ജുബൈര്‍ പറഞ്ഞു. സിറിയയില്‍ സുരക്ഷിതമായ പ്രദേശങ്ങള്‍ ഒരുക്കുന്നതിനെ സൗദി പിന്തുണക്കുമെന്നും എന്നാല്‍ അസ്താന ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ സൗദി സന്ദര്‍ശനത്തെ കുറിച്ച് വ്യാഴാഴ്ച്ചയാണ് പ്രഖ്യാപനം നടത്തിയത്. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇസ്‌ലാമിക ലോകത്തെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles