Current Date

Search
Close this search box.
Search
Close this search box.

എര്‍ദോഗാനെ ഞങ്ങള്‍ ചതിക്കില്ല: മുസ്‌ലിം ബ്രദര്‍ഹുഡ്

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡിന് ഭീകരമുദ്ര ചാര്‍ത്താന്‍ വിസമ്മതിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ പ്രസ്താവനയെ ബ്രദര്‍ഹുഡ് സ്വാഗതം ചെയ്തു. നന്ദിയും കടപ്പാടും രേഖപ്പെടുത്തി കൊണ്ടുള്ള ബ്രദര്‍ഹുഡ് പ്രസ്താവന എര്‍ദോഗാന്റെ നിലപാടിനെ ശക്തവും നീതിയുക്തവുമെന്ന് വിശേഷിപ്പിച്ചു. സംഘടനക്കും അതിന്റെ ആശയങ്ങള്‍ക്കും നേരെ കടുത്ത മാധ്യമ പ്രചരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ലോകത്ത് അതിക്രമത്തിനും മര്‍ദനത്തിനും ഇരയാക്കപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ സംരക്ഷണം ഏറ്റെടുത്ത തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ പ്രസ്താവന ഞങ്ങളിലെത്തുന്നത്. ഒരു രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ ബ്രദര്‍ഹുഡിനെ ഭീകരസംഘടനയെന്ന് വിശേഷിപ്പിക്കാന്‍ എര്‍ദോഗാന്‍ വിസമ്മതിച്ചു. ലോകത്തിന്റെ പല ഭാഗത്തും വ്യാപിച്ചിരിക്കുന്ന ചിന്താപ്രസ്ഥാനമാണ് ബ്രദര്‍ഹുഡ് എന്നും അവര്‍ ഒരുവിധ സായുധ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും ഭീകരരോടെന്ന പോലെ അവരെ സമീപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തുര്‍ക്കിയിലുള്ള ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് ഒരു ഭീകരപ്രവര്‍ത്തനത്തിലും പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. നീതിയുക്തവും വ്യക്തവുമായ ഒരു നിലപാടാണിത്. നീതിയുക്തവും ശക്തവുമായ നിലപാടുകളുടെ ഉടമയായ എര്‍ദോഗാനെ സംബന്ധിച്ചടത്തോളം പുതുമയുള്ള ഒന്നല്ല ഇത്. പീഡിത ജനതകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന തുര്‍ക്കിയെന്ന രാഷ്ട്രത്തെയും അവിടത്തെ ജനതയെയും സംബന്ധിച്ചും അപരിചിതമായ ഒന്നല്ല ഈ നിലപാട്. എന്ന് പ്രസ്താവനയില്‍ ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഇബ്‌റാഹീം മുനീര്‍ വ്യക്തമാക്കി.
പ്രസിഡന്റ് എര്‍ദോഗാനെയോ സത്യത്തിന് വേണ്ടി ശബ്ദിക്കുന്ന മറ്റുള്ളവരെയോ ബ്രദര്‍ഹുഡ് അതിന്റെ നിലപാടുകളിലും ചിന്തയിലും ചതിക്കുകയില്ല, എത്രതന്നെ സമ്മര്‍ദങ്ങളും ആരോപണങ്ങളും ഉണ്ടായാലും ശരി. ബ്രദര്‍ഹുഡിന്റെ വാഗ്ദാനമാണിത്. ആതിഥ്യത്തിന്റെ അടിസ്ഥാനങ്ങള്‍ മാനിക്കാനും അന്താരാഷ്ട്ര നിയമങ്ങളും തുര്‍ക്കിയുടെയും ആതിഥ്യമരുളുന്ന മറ്റേത് രാജ്യത്തിന്റെയും നിയമങ്ങള്‍ പാലിക്കാനും പ്രതിജ്ഞാബദ്ധമാണത്. ബ്രദര്‍ഹുഡ് അതിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നായ സമാധാനത്തിന്റെ വഴി ഉപേക്ഷിക്കില്ല. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ഞങ്ങളില്‍ പെട്ടവരല്ല. ‘ഞങ്ങളുടെ സമാധാന തല്‍പരത വെടിയുണ്ടയേക്കാള്‍ ശക്തമാണ്’ എന്നാണ് ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുള്ളത്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സൗദി ചാനലായ ‘അല്‍അറബിയ്യ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രദര്‍ഹുഡ് ഭീകരസംഘടനയല്ലെന്ന് എര്‍ദോഗാന്‍ വ്യക്തമാക്കിയത്.

Related Articles