Current Date

Search
Close this search box.
Search
Close this search box.

എയര്‍പോര്‍ട്ടുകള്‍ വിട്ടുകൊടുക്കണമെന്ന ആവശ്യം കുര്‍ദിസ്താന്‍ തള്ളി

ഇര്‍ബില്‍: കുര്‍ദിസ്താന്‍ പ്രദേശത്തെ എയര്‍പോര്‍ട്ടുകള്‍ ഇറാഖ് ഫെഡറല്‍ ഭരണകൂടത്തിന് കൈമാറാന്‍ തയ്യാറല്ലെന്ന് കുര്‍ദിസ്താന്‍ പ്രവിശ്യയിലെ ഗതാഗത മന്ത്രി മൗലൂദ് ബാവു മുറാദ് വ്യക്തമാക്കി. പ്രദേശത്തിന്റെ ചെലവിലാണ് അത് നിര്‍മിക്കപ്പെട്ടതെന്ന ന്യായമാണ് അദ്ദേഹം ഉയര്‍ത്തിയിട്ടുള്ളത്. എയര്‍പോര്‍ട്ടുകളുടെ നിയന്ത്രണം കൈമാറാന്‍ ബാഗ്ദാദ് ഭരണകൂടം കുര്‍ദിസ്താന്‍ പ്രവിശ്യക്ക് മൂന്ന് ദിവസത്തെ സാവകാശം നല്‍കിയിരുന്നു. ഇര്‍ബില്‍, സുലൈമാനിയ എന്നീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളുടെയും ഡയറക്ടര്‍മാര്‍ക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് കുര്‍ദ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ ഇര്‍ബില്‍ വിമാനത്താവളം അനിവാര്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം എയര്‍പോര്‍ട്ടുകള്‍ കൈമാറാന്‍ അനുവദിച്ച സാവകാശത്തെ തള്ളിക്കളയുന്നുവെന്നും പറഞ്ഞു. പ്രദേശത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള അന്താരാഷ്ട്ര വ്യോമ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നുള്ള ഭീഷണിയെയും തള്ളിക്കളയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
ഇറാഖ് ഭരണകൂടത്തിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെങ്കില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഹിതപരിശോധനയുടെ പേരിലുള്ള രാഷ്ട്രീയ നടപടി എന്ന അര്‍ത്ഥത്തിലാണ് ഇതെങ്കില്‍ അത് ഫലം കാണില്ല. ഇറാഖി സിവില്‍ വ്യോമ മന്ത്രാലയത്തിന്റെ കീര്‍ത്തിക്കേല്‍ക്കുന്ന പ്രഹരമായിട്ടാണ് അതിനെ ഞാന്‍ കാണുന്നത്. ഇര്‍ബില്‍, സുലൈമാനി വിമാനത്താവളങ്ങള്‍ കൈമാറണമെന്ന ബാഗ്ദാദിന്റെ ആവശ്യം പ്രദേശത്തോടുള്ള കടുത്ത വിരോധമായിട്ടാണ് കാണുന്നത്. ഇരു വിമാനത്താവളങ്ങളും നിര്‍മിച്ചത് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാന പ്രകാരവും അതിന്റെ ഫണ്ടുപയോഗിച്ചുമാണ്. എന്ന് കുര്‍ദ് മന്ത്രി കൂട്ടിചേര്‍ത്തു.
അതേസമയം ഇറാഖിന്റെ സിവില്‍ ഏവിയേഷന്‍ വിഭാഗം വിദേശ വിമാന കമ്പനികളോട് വെള്ളിയാഴ്ച്ച മുതല്‍ കുര്‍ദ് മേഖലയിലേക്ക് സര്‍വീസ് നടത്തരുതെന്നാവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വ്യോമ നിരോധനം ഏര്‍പ്പെടുത്താതിരിക്കണമെങ്കില്‍ അവിടത്തെ വിമാനത്താവളങ്ങള്‍ മൂന്ന് ദിവസത്തിനകം തന്റെ ഭരണകൂടത്തിന് കൈമാറണമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി പറഞ്ഞിരുന്നു. കുര്‍ദിസ്താന്‍ പ്രദേശത്ത് തിങ്കളാഴ്ച്ച നടത്തിയ ഹിതപരിശോധനക്കുള്ള മറുപടി എന്ന അര്‍ത്ഥത്തിലാണിത്. അതേസമയം കുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനി പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടുണ്ട്. ഭീഷണികള്‍ക്ക് പകരം ഭരണകൂടത്തെ ചര്‍ച്ചയിലേക്കും നല്ല അയല്‍പക്ക ബന്ധത്തിലേക്കും ക്ഷണിക്കുകയാണെന്ന് ബാര്‍സാനി പറഞ്ഞു.

Related Articles