Current Date

Search
Close this search box.
Search
Close this search box.

ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന ഗസ്സക്ക് തുര്‍ക്കിയുടെ സഹായം

അങ്കാറ: തുര്‍ക്കിയിലെ ഊര്‍ജ്ജ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ ഗസ്സ സന്ദര്‍ശനത്തില്‍ ഫലസ്തീനിലെ രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് നിര്‍ണായക പിന്തുണയറിച്ചതായി തുര്‍ക്കിയിലെ ഫലസ്തീന്‍ അംബാസഡര്‍ ഫാഇദ് മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ജൂലൈ മധ്യത്തിലായിരുന്നു തുര്‍ക്കി ഊര്‍ജ്ജ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഗസ്സയില്‍ ദശാബ്ദങ്ങളായി തുടരുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫലസ്തീന്‍ ഊര്‍ജ്ജ മന്ത്രാലയം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഗസ്സയിലാണ് വെസ്റ്റ് ബാങ്കിനെ അപേക്ഷിച്ച് ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായി തുടരുന്നത്. ഗസ്സ മുനമ്പിലെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കപ്പെടണമെങ്കില്‍ നിലവില്‍ ചുരുങ്ങിയത് 450 മെഗാവാട്ട് വൈദ്യുതിയെങ്കിലും ആവശ്യമാണെന്നും ഇത് 2020 ഓടെ 820 മെഗാവാട്ടായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇവിടെ ലഭ്യമായ പരമാവധി ശേഷി 248 മെഗാവാട്ട് മാത്രമാണ്.
നിലവില്‍ ഫലസ്തീനിലെ വൈദ്യുത നിലയത്തില്‍ നിന്നും ഡീസല്‍ ഉപയോഗിച്ചുകൊണ്ട് പരമാവധി 100 മെഗാവാട്ട് വരെ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ എന്നും എന്നാല്‍ ഇസ്രായേല്‍ 161 ലൈനുകള്‍ വഴി 120 മെഗാവാട്ട് നല്‍കിയതായും അവസാനമായി ഈജിപ്ത് 28 മെഗാവാട്ട് വൈദ്യുതി അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി. വേള്‍ഡ് ബാങ്കിന്റെ 2013ലെ രേഖകള്‍ പ്രകാരം ഫലസ്തീനിലെ ജനസംഖ്യ 4.17 ദശലക്ഷമാണ്.
തുര്‍ക്കിയിലെ  ഊര്‍ജ്ജ മന്ത്രാലയം ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. നിലവിലെ 161 ലൈനുകള്‍ വഴി നല്‍കുന്ന വൈദ്യുതിയുടെ തോത് വര്‍ധിപ്പിക്കല്‍, നിലവിലെ വൈദ്യുത നിലയത്തിന്റെ വികസനം, ഉല്‍പാദനച്ചെലവു കുറക്കുന്നതിനായി വൈദ്യുത നിലയത്തെ ഡീസലില്‍ നിന്നും ഗ്യാസിലേക്ക്  മാറ്റല്‍, സൗരോര്‍ജ്ജ വൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവയാണ് ചര്‍ച്ചയില്‍ വന്ന പ്രധാന അജണ്ടകളെന്നും ഇതെല്ലാം തന്നെ ഗസ്സയിലെ ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാനാണെന്നും മുസ്തഫ പറഞ്ഞു.
വെള്ളത്തിന്റെ കുറവാണ് പ്രദേശത്തെ പ്രധാന ‘രാഷ്ട്രീയ പ്രശ്‌നമെന്നും’ ഗസ്സ മുനമ്പിലെ രണ്ട് ദശലക്ഷത്തോളം പേര്‍ വെള്ളത്തിന്റെ അഭാവം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൃക്കരോഗങ്ങളടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകുന്നതായും ഇക്കാര്യം ലോക ആരോഗ്യ സംഘടനയടക്കം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുര്‍ക്കിയിലെ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കും യൂണിയന്‍ ഫോര്‍ മെഡിറ്റേറിയനും ചേര്‍ന്ന് മൊത്തം സാമ്പത്തിക ചെലവിന്റെ 50 ശതമാനവും നല്‍കാമെന്ന് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഫലസ്തീനിന് സഹായങ്ങളും ഫലസതീനിലെ ജനതക്ക് രാഷ്ട്രീയ പിന്തുണയും നല്‍കുന്ന തുര്‍ക്കിയുടെ നിലപാടിന് അദ്ദേഹം നന്ദി അറിയിച്ചു.   

Related Articles