Current Date

Search
Close this search box.
Search
Close this search box.

ഉപരോധ രാഷ്ട്രങ്ങള്‍ രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കാന്‍ ശ്രമിക്കുന്നു: ഖത്തര്‍ അമീര്‍

ന്യൂയോര്‍ക്ക്: പരമാധികാരമുള്ള രാജ്യത്തിന്റെ സുസ്ഥിരതക്ക് ഭംഗം വരുത്താന്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിലൂടെ ഉപരോധ രാഷ്ട്രങ്ങള്‍ തന്റെ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.
അയല്‍ രാഷ്ട്രങ്ങള്‍ കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ തുടരുന്ന അന്യായമായ ഉപരോധത്തെ എന്റെ നാടും ജനങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഞാനിവിടെ നില്‍ക്കുന്നത്. പരമാധികാരമുള്ള ഒരു രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കുന്നതിനായി ഭക്ഷണം, മരുന്ന്, കുടുംബബന്ധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ഉപരോധ രാഷ്ട്രങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഭീകരതയുടെ ഒരു നിര്‍വചനമാണിത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് ഉപരോധം ഏര്‍പ്പെടുത്തുകയാണവര്‍ ചെയ്തത്. അതുകൊണ്ടു തന്നെ ഖത്തറുകാര്‍ അതിനെ ഒരുതരം വഞ്ചനയായിട്ടാണ് കാണുന്നത്. എന്റെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും സമൂഹത്തെയും വര്‍ധിച്ച തോതില്‍ ഉപരോധം ബാധിക്കുമെന്നാണ് ഉപരോധക്കാര്‍ കരുതിയത്. എന്നാല്‍ പ്രത്യക്ഷ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നതില്‍ അത് പരാജയപ്പെട്ടിരിക്കുന്നു. എന്ന് അദ്ദേഹം വിശദീകരിച്ചു.
ഉപരോധക്കാര്‍ ഖത്തറിന്റെ മാത്രമല്ല, മറ്റ് നിരവധി നാടുകളുടെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നും തങ്ങളെ എതിര്‍ക്കുന്ന അകത്തും പുറത്തുമുള്ളവര്‍ക്കെതിരെ ഭീകരത ആരോപിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉപാധികളില്ലാതെ രാജ്യത്തിന്റെ പരമാധികാരം മാനിച്ചു കൊണ്ട് ചര്‍ച്ചക്ക് തയ്യാറാവാന്‍ ഉപരോധ രാഷ്ട്രങ്ങളോട് ശൈഖ് തമീം ആഹ്വാനം വീണ്ടും ആഹ്വാനം ചെയ്തു.
യമനിന്റെ അഖണ്ഡത നിലനിര്‍ത്തേണ്ടതിന്റെയും അവിടെ സുരക്ഷിതത്വവും സുസ്ഥിരതയും ഉണ്ടാക്കിയെടുക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും ഖത്തര്‍ അമീര്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഫലസ്തീനില്‍ സമാധാനം സ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് ഇസ്രയേലാണെന്നും ഗസ്സയെ ഉപരോധിക്കുന്നതിന് പുറമെ അവര്‍ കുടിയേറ്റം വ്യാപിക്കുകയും ഖുദ്‌സിനെ ജൂതവല്‍കരിക്കാനുള്ള ശ്രമങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സിക്കും ഇറാനുമിടയില്‍ ക്രിയാത്മകമായ സംവാദങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ദുരിതം വിവരിച്ചു കൊണ്ടാണ് ശൈഖ് തമീം തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും അവരിലെ അഭയാര്‍ഥികളായവരെ പുനരധിവസിപ്പിക്കാനുമുള്ള നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Related Articles