Current Date

Search
Close this search box.
Search
Close this search box.

ഉപരോധ രാഷ്ട്രങ്ങള്‍ പുതിയ ഭീകരപ്പട്ടിക പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ തങ്ങളുടെ ഭീകരപ്പട്ടികയില്‍ ഒമ്പത് കൂട്ടായ്മകളെയും ഒമ്പത് വ്യക്തികളെയും കൂടി ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തോടുള്ള ഉറച്ച നിലപാടിന്റെ ഭാഗമാണ് ഈ നടപടിയെന്നും ഭീകരതയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കലും അതിന്റെ ഭാഗമായിട്ടുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനും വേണ്ടിയാണിതെന്നും ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ പ്രസ്തുത രാഷ്ട്രങ്ങളുടെ പ്രസ്താവന വ്യക്തമാക്കി. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
പുതുതായി ചേര്‍ക്കപ്പെട്ട ഒമ്പത് കൂട്ടായ്മകളില്‍ മൂന്നെണ്ണം യമന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. മുഅസ്സസ്സത്തുല്‍ ബലാഗുല്‍ ഖൈരിയ്യ, ജംഇയ്യത്തുല്‍ ഇഹ്‌സാന്‍ അല്‍ഖൈരിയ്യ, മുഅസ്സസ്സത്തു റഹ്മ അല്‍ഖൈരിയ്യ എന്നിവയാണവ. മറ്റ് ആറെണ്ണം ലിബിയയിലുള്ളവയാണ്. മജ്‌ലിസുശ്ശൂറാ ഥുവാറു ബന്‍ഗാസി, മര്‍കസുസ്സറായാ ലില്‍ഇഅ്‌ലാം, വകാലത്തുല്‍ ബുശ്‌റാ അല്‍ഇഖ്ബാരിയ്യ, കതീബത്തു റാഫല്ല അല്‍സഹാതി, ഖനാത് അന്നബഅ്, മുഅസ്സത്തു തനാസുഹി ലിദ്ദഅ്‌വത്തി വസഖാഫത്തി വല്‍ഇഅ്‌ലാം, എന്നിവയാണവ. പുതുതായി ഭീകരപ്പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ട ഒമ്പത് വ്യക്തികളില്‍ മൂന്ന് പേര്‍ ഖത്തര്‍ പൗരന്‍മാരും മൂന്ന് യമന്‍ പൗരന്‍മാരും രണ്ട് ലിബിയക്കാരും ഒരു കുവൈത്തുകാരനുമാണുള്ളത്.
ഈ വ്യക്തികളുടെയും കൂട്ടായ്മകളുടെയും ‘ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്’ ഖത്തറുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്ന് ഉപരോധ രാഷ്ട്രങ്ങള്‍ പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യപ്പെടാനും പ്രദേശത്തിന്റെ സുസ്ഥിരതയും സമാധാനവും യാഥാര്‍ഥ്യമാക്കാനും തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കും വരെ അവര്‍ക്കെതിരെ നടപടി തുടരുമെന്ന് പ്രസ്താവന വ്യക്തമാക്കി.

 

Related Articles