Current Date

Search
Close this search box.
Search
Close this search box.

ഉപരോധം നീട്ടുന്നത് ആണവ ഉടമ്പടിയുടെ ലംഘനം: ഇറാന്‍

തെഹ്‌റാന്‍: ഇറാന് മേലുള്ള അമേരിക്കന്‍ ഉപരോധം നീട്ടുന്നത് 2015ല്‍ ഉണ്ടാക്കിയ ആണവ ഉടമ്പടിയുടെ ലംഘനമാണെന്ന് ഇറാന്‍ വ്യക്തമാക്കി. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷവും ഉപരോധം നീട്ടുന്നതിനെ അനുകൂലിക്കുകയാണ് ചെയ്തത്. സെനറ്റ് സ്വീകരിച്ച നടപടി ആണവ ഉടമ്പടി നടപ്പാക്കേണ്ട ചുമതലയുള്ള സമിതിയെ അറിയിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച്ച പുറത്തുവിട്ട പ്രസ്താവന പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമേരിക്ക ഉപരോധം നീട്ടുകയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയും മറ്റ് നേതാക്കളും താക്കീത് നല്‍കി.
വ്യാഴാഴ്ച്ച ചേര്‍ന്ന അമേരിക്കന്‍ സെനറ്റിലാണ് ഇതു സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്. ഇറാന് മേലുള്ള ഉപരോധം നീട്ടണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ 99 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ ആരും പ്രതികൂലിച്ച് വോട്ടുരേഖപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രമേയം പ്രസിഡന്റ് ബറാക് ഒബാമയുടെ അംഗീകാരത്തിനായി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. അതില്‍ ഒബാമ ഒപ്പുവെക്കുമെന്ന് തന്നെയാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്. പ്രസ്തുത നിയമം ഇറാനുമായുണ്ടാക്കിയ ആണവ ഉടമ്പടിയുടെ ലംഘനമാവില്ലെന്നാണ് സെനറ്റ് അംഗങ്ങളുടെ അഭിപ്രായം.
ഇറാന്റെ ആണവ പരിപാടിയുടെയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെയും പേരില്‍ വ്യാപാര, ഊര്‍ജ്ജ, പ്രതിരോധ, ബാങ്കിങ് മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്നതാണ് നിയമം. ഉപരോധം നീട്ടുന്നില്ലെങ്കില്‍ ഈ മാസത്തോടെ അവസാനിക്കേണ്ടതായിരുന്നു അത്. 1996ലാണ് ആണവായുധ നിര്‍മാണത്തിന്റെ പേരില്‍ അമേരിക്ക ഇറാന് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Related Articles