Current Date

Search
Close this search box.
Search
Close this search box.

ഉത്തരകൊറിയ സിറിയക്കും മ്യാന്മറിനും ആയുധങ്ങള്‍ വിതരണം ചെയ്യുന്നു: യു.എന്‍

സാന്‍ഫ്രാസിസ്‌കോ: സിറിയയിലെയും മ്യാന്മറിലെയും സര്‍ക്കാരിന് ആയുധങ്ങള്‍ വിതരണം ചെയ്ത് ഇരു രാജ്യങ്ങളെയും ആക്രമിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ഉത്തരകൊറിയയെന്ന് യു.എന്നിന്റെ റിപ്പോര്‍ട്ട്. ഇതില്‍ നിരോധിച്ച മാരകായുധങ്ങള്‍ വരെയുണ്ടെന്നും യു.എന്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് യു.എന്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ  ആണവായുധ പദ്ധതിക്ക് പിന്തുണ നല്‍കുകയും മ്യാന്മര്‍ സൈന്യത്തിന് ബാലിസ്റ്റിക് മിസൈല്‍ നല്‍കുകയുമാണ് ഉത്തരകൊറിയ ചെയ്യുന്നത്.

2017 ജനുവരിക്കും സെപ്റ്റംബറിനും ഇടയില്‍ 200 മില്യണ്‍ ഡോളറിന്റെ വരുമാനം ഉത്തര കൊറിയ ഉണ്ടാക്കിയിട്ടുണ്ട്. നിയമപ്രകാരം നിരോധിച്ച ആയുധങ്ങള്‍ കയറ്റി അയക്കുകയാണ് കൊറിയ ചെയ്യുന്നത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പി ഇതിന്റെ കോപ്പി പുറത്തുവിട്ടിട്ടുണ്ട്. കല്‍ക്കരി കയറ്റുമതി ചെയ്യുന്ന കപ്പലിലൂടെയാണ് ഇത്തരം ആയുധങ്ങള്‍ അവര്‍ രഹസ്യമായി കയറ്റുമതി ചെയ്തത്.

വളരെ തന്ത്രപരമായാണ് അവര്‍ ഇക്കാര്യം കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം കയറ്റുമതികള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം യു.എന്‍ സുരക്ഷ കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. ഉത്തരകൊറിയ നിരന്തരം നടത്തുന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ യു.എസ് ശക്തമായി എതിര്‍ത്തിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലേക്ക് വരെയെത്തിയിരുന്നു.

റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് യു.എന്നിന്റെ നിബന്ധനകള്‍ പാലിക്കാത്ത ഏഴു കപ്പലുകള്‍ ആഗോളതലത്തില്‍ തടഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ചരക്കുവ്യാപാരത്തിന്റെ മറവില്‍ കൊറിയ ആയുധങ്ങള്‍ കയറ്റി അയക്കുകയാണെന്നും ഇത്തരം വെല്ലുവിളികള്‍ ഇപ്പോള്‍ വ്യാപകമായിട്ടുണ്ടെന്നും യു.എന്നിലെ വിദഗ്ദര്‍ പറഞ്ഞു.

 

Related Articles