Current Date

Search
Close this search box.
Search
Close this search box.

ഈസ്റ്ററിന് ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന് ഗസ്സയിലെ ക്രിസ്ത്യാനികള്‍ക്ക് വിലക്ക്

ജറൂസലം: ഈസ്റ്ററിന് ഗസ്സയിലെ ക്രിസ്്ത്യാനികള്‍ക്ക് ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. സുരക്ഷ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് ഫലസ്തീനിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്റര്‍ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സ മുനമ്പിലുള്ള ക്രൈസ്തവര്‍ക്കാണ് വിലക്ക് ബാധകമാവുക. ജറൂസലേമിലെ ക്രൈസ്തവരുടെ പുണ്യതീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇസ്രായേല്‍ തടഞ്ഞത്. വിശേഷ ദിവസങ്ങളില്‍ ക്രൈസ്തവര്‍ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്താറുണ്ട്. മാത്രമല്ല, ഇസ്രായേലിലുള്ള തങ്ങളുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്.

55 വയസ്സിനു മുകളിലുള്ളവരും 16 വയസ്സിന് താഴെയുള്ളവര്‍ക്കും മാത്രമാകും വെസ്റ്റ്ബാങ്കിലേക്കും ജറൂസലേമിലേക്കും പ്രവേശനമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച കത്തോലിക്ക,ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിനിടെയാണ് ഇസ്രായേലിന്റെ നടപടി.

കഴിഞ്ഞ ദിവസം ഫലസ്തീനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 16 പേര്‍ മരിച്ചിരുന്നു. 1400ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലാന്‍ഡ് ഡേ (ഭൂ ദിനം)യോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചിനു നേരെയാണ് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തിയത്.

 

Related Articles